കോഴിക്കോട്- നിയമസഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തിനു പുറത്ത് പ്രചാരണത്തിനിറങ്ങില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എം.പി. വടകരയിലെ ഏഴ് നിയോജക മണ്ഡലങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും അതിന് പുറത്ത് പ്രചാരണം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
പാര്‍ട്ടിയില്‍ പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ല. ഒരു പദവിയും ഞാന്‍ ആഗ്രഹിക്കുന്നില്ല. വടകര സീറ്റില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് യു.ഡി.എഫാണ്.
പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടത് നേതൃത്വമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു വേണമെന്നതിനെ കുറിച്ച് കൂട്ടായ ചര്‍ച്ച വേണ്ടിവരും. ഇക്കാര്യങ്ങളൊക്കെ കോണ്‍ഗ്രസും യു.ഡി.എഫും ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ടതാണെന്ന് മുരളീധരന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍.എം.പിയുമായി ഉണ്ടാക്കിയ ബന്ധം വടകര മേഖലയില്‍ യു.ഡി.എഫിന്റെ വിജയത്തിന് ഇത് ഗുണം ചെയ്തിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ ജയ പരാജയങ്ങളുടെ പൂര്‍ണമായ ഉത്തരവാദിത്തം നേതൃത്വത്തിനു മാത്രമാണെന്നും മുരളീധരന്‍ പറഞ്ഞു.