കോഴിക്കോട്- തെരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്‌ലിംകളെ ബിജെപിയോട് അടുപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ ശ്രീധരന്‍ പിള്ളി കോഴിക്കോട്ട് ശനിയാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തിന് മുസ്‌ലിം നേതാക്കള്‍ ആരും എത്തിയില്ല. യോഗം സംബന്ധിച്ച് മിസോറാം ഗവര്‍ണറുടെ ഓഫിസില്‍ നിന്നാണ് അറിയിപ്പ് വന്നത്. മുസ് ലിം സംഘടനകളുടെ വേദികളില്‍ നിരന്തരം കാണാറുള്ള ബിജെപി നേതാവ് എന്ന നിലയിലാണ് ശ്രീധരന്‍ പിള്ളയെ ചുമതല ഏല്‍പ്പിച്ചതെന്ന് കരുതുന്നു. ശനിയാഴ്ച വൈകീട്ട് 6.30നായിരുന്നു യോഗം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ആരും എത്താത്തതിനെ തുടര്‍ന്ന് യോഗം ജനുവരി 30ലേക്ക് മാറ്റി എന്നാണ് അറിയിച്ചിരിക്കുന്നത്. കേരളത്തിലെ ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ശ്രീധരന്‍ പിള്ളയെ കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയതായാണ് റിപോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ട കേരളത്തിലെ ക്രിസ്തീയ സഭാ തകര്‍ക്കം സംബന്ധിച്ച ചര്‍ച്ചകളിലും ശ്രീധരന്‍ പിള്ള പങ്കെടുത്തിരുന്നു.
ഇപ്പോള്‍ നടന്നു വരുന്ന വര്‍ഗീയ വിദ്വേഷ പ്രചരണമാണ് മുസ്‌ലിം പ്രതിനിധികളെ യോഗം ബഹിഷ്‌ക്കരിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു. കേരളത്തിലെ പ്രബല ന്യൂനപക്ഷ സമുദായങ്ങളായ മു്‌സ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നത പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സംഘപരിവാര്‍ ആണെന്ന ആക്ഷേപം ശക്തമാണ്. ന്യൂനപക്ഷങ്ങള്‍ക്കുള്ള പദ്ധതികളുടെ ഗുണഫലം ഏറെയും മുസ്‌ലിം സമുദായം കൈവശപ്പെടുത്തി എന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ കണക്കുകളും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതു സംബന്ധിച്ച് മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍ ശ്രീധരന്‍ പിള്ളയ്ക്ക് നിവേദനം നല്‍കിയതായും റിപോര്‍ട്ടുണ്ട്.