റിയാദ്- സ്വകാര്യ മേഖലാ ജീവനക്കാർക്ക് ആറിനം അവധികളാണ് തൊഴിൽ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. പൂർണ വേതനത്തോടെ 21 ദിവസത്തിൽ കുറയാത്ത വാർഷിക അവധിക്ക് ജീവനക്കാർക്ക് അവകാശമുണ്ട്. ഒരേ തൊഴിലുടമയുടെ അടുത്ത് തുടർച്ചയായി അഞ്ചു വർഷം പൂർത്തിയാക്കിയവർക്ക് പൂർണ വേതനത്തോടെ 30 ദിവസത്തിൽ കുറയാത്ത വാർഷിക അവധിക്കും അവകാശമുണ്ട്.
പെരുന്നാളുകളിലും പ്രത്യേകം നിർണയിച്ച ആഘോഷങ്ങളിലും പൂർണ വേതനത്തോടെ തൊഴിലാളികൾക്ക് അവധി നൽകണം. തൊഴിലുടമയുടെ അനുമതിയോടെ വേതന രഹിത അവധിയും പ്രയോജനപ്പെടുത്താവുന്നതാണ്. ഇരു വിഭാഗവും പരസ്പര സമ്മതത്തിൽ എത്താത്ത പക്ഷം, വേതന രഹിത അവധിക്കാലം 20 ദിവസത്തിൽ കവിയുന്ന പക്ഷം തൊഴിൽ കരാർ മരവിപ്പിക്കപ്പെട്ടതായി കണക്കാക്കും.
വിവാഹത്തിന് അഞ്ചു ദിവസത്തെ അവധിക്കും ഭാര്യയോ ഭർത്താവോ മാതാപിതാക്കളോ മക്കളോ മരണപ്പെടുന്ന സാഹചര്യത്തിൽ അഞ്ചു ദിവസത്തെ അവധിക്കും തൊഴിലാളിക്ക് അവകാശമുണ്ട്. പുതിയ കുഞ്ഞ് പിറക്കുന്ന സാഹചര്യത്തിൽ പൂർണ വേതനത്തോടെ മൂന്നു ദിവസത്തെ അവധിക്കും തൊഴിലാളിക്ക് അവകാശമുണ്ടെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർന്ന് പഠനം നടത്താൻ തൊഴിലുടമ സമ്മതിക്കുന്ന പക്ഷം പരീക്ഷാ ദിവസങ്ങളിൽ പൂർണ വേതനത്തോടെയുള്ള അവധിക്കും തൊഴിലാളിക്ക് അവകാശമുണ്ട്. തോറ്റ പരീക്ഷകൾ വീണ്ടും എഴുതുന്നതിന് വേതന രഹിത അവധിക്കാണ് അവകാശം. പരീക്ഷ എഴുതിയിട്ടില്ലെന്ന് തെളിഞ്ഞാൽ അവധി ദിവസത്തെ വേതനം തൊഴിലാളിക്ക് നിഷേധിക്കും. കൂടാതെ ഇത്തരം സാഹചര്യങ്ങളിൽ തൊഴിലാളിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും തൊഴിലുടമക്ക് അവകാശമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേരാൻ തൊഴിലാളിക്ക് തൊഴിലുടമയുടെ അനുമതി ലഭിക്കാതിരുന്നാൽ വാർഷികാവധിയിൽ നിന്നുള്ള ദിവസങ്ങൾ പ്രയോജനപ്പെടുത്തി തൊഴിലാളിക്ക് പരീക്ഷാ ദിവസങ്ങളിൽ അവധി എടുക്കാവുന്നതാണ്. വാർഷികാവധി ദിവസങ്ങൾ ബാക്കിയില്ലാത്ത പക്ഷം പരീക്ഷാ ദിവസങ്ങളിൽ തൊഴിലാളിക്ക് വേതന രഹിത അവധി പ്രയോജനപ്പെടുത്താവുന്നതാണ്.
വാർഷികാവധി അതത് വർഷങ്ങളിൽ തൊഴിലാളി പ്രയോജനപ്പെടുത്തിയിരിക്കണം. വാർഷികാവധി ഉപേക്ഷിക്കാനോ ഇതിനു പകരം പണം കൈപ്പറ്റാനോ പാടില്ല. വാർഷികാവധി പൂർണമായോ ഭാഗികമായോ തൊട്ടടുത്ത വർഷത്തേക്ക് തൊഴിലുടമയുടെ അനുമതിയോടെ നീട്ടിവെക്കാൻ തൊഴിലാളിക്ക് അനുമതിയുണ്ട്. വാർഷികാവധി പ്രയോജനപ്പെടുത്തുന്നതിനു മുമ്പായി ജോലി ഉപേക്ഷിക്കുന്ന പക്ഷം അർഹമായ വാർഷികാവധി ദിവസങ്ങളുടെ വേതനം ലഭിക്കാനും തൊഴിലാളിക്ക് അവകാശമുണ്ട്. വാർഷികാവധി കാലത്ത് തൊഴിലാളി മറ്റൊരു തൊഴിലുടമയുടെ അടുത്ത് ജോലി ചെയ്യുന്നതിന് വിലക്കുണ്ടെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.