- തൃശൂരിൽ ഒമ്പതിടങ്ങളിൽ വാക്‌സിൻ വിതരണം
തൃശൂർ- ഇന്ത്യയിലെ ആദ്യ കോവിഡ് രോഗിയുടെ ജില്ലയായ തൃശൂരിലും രാജ്യത്തിനൊപ്പം കോവിഡ് പ്രതിരോധ വാക്‌സിനേഷന് തുടക്കമായി. ആദ്യ ഡോസ് സ്വീകരിച്ചത് തൃശൂർ ഡി.എം.ഒ ഡോ. കെ.ജെ. റീന. ജില്ലയിൽ ഒമ്പതിടങ്ങളിലാണ് വാക്‌സിൻ നൽകുന്നത്. ആദ്യ ദിനം എവിടെ നിന്നും പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
തൃശൂർ ജനറൽ ആശുപത്രിയിലാണ് ജില്ലയിലെ വാക്‌സിൻ വിതരണത്തിന്റെ ഉദ്ഘാടനം നടന്നത്. മന്ത്രി വി.എസ്. സുനിൽകുമാർ, ഗവ. ചീഫ് വിപ് കെ. രാജൻ, ടി.എൻ. പ്രതാപൻ എം.പി, മേയർ എം.കെ. വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ജില്ലാ കലക്ടർ എസ്. ഷാനവാസ് തുടങ്ങിയവരും ജനറൽ ആശുപത്രിയിലെത്തിയിരുന്നു.
ജില്ലയിൽ സർക്കാർ സ്വകാര്യ മേഖലകളിലായി 35,000 ത്തോളം ആരോഗ്യ പ്രവർത്തകർ ഉണ്ടെങ്കിലും ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന സർക്കാർ, സ്വകാര്യ മേഖലയിലെ 16,938 പേർക്കാണ് ആദ്യഘട്ടം നൽകുന്നത്.
തൃശൂർ മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി തൃശൂർ, ജനറൽ ആശുപത്രി ഇരിങ്ങാലക്കുട, അമല മെഡിക്കൽ കോളേജ്, വൈദ്യര്തനം ആയൂർവേദ കോളേജ് ഒല്ലൂർ, വേലൂർ പ്രഥാമികാരോഗ്യ കേന്ദ്രം, പെരിഞ്ഞനം കമ്യൂണിറ്റി ഹെൽത്ത് സെന്റർ, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി എന്നീ കേന്ദ്രങ്ങളിലാണ് നൽകുന്നത്.
ജില്ലയ്ക്ക് 37,640 ഡോസ് വാക്‌സിനാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ 90 ഡോസ് കേന്ദ്ര സർക്കാരിനു കീഴിലുള്ള ആരോഗ്യ പ്രവർത്തകർക്കാണ് നൽകുന്നത്. ആഴ്ചയിൽ നാലു ദിവസമാണ് വാക്‌സിൻ നൽകുന്നത്. 23 ദിവസം കൊണ്ട് ആദ്യ ഡോസ് നൽകുന്നത് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം നൽകും.
ഓൺലൈൻ രാജിസ്‌ട്രേഷൻ വഴിയാണ് വാക്‌സിൻ നൽകുന്നത്. വാക്‌സിൻ സ്വീകരിക്കേണ്ട സ്ഥലവും തിയതിയും രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ട ദിവസവുമെല്ലാം മൊബൈൽ സന്ദേശം വഴിയാണ് നൽകുക.
ജില്ലയിൽ 32 ലക്ഷം പേർക്ക് വാക്‌സിൻ നൽകണമെങ്കിൽ കുറഞ്ഞത് എട്ടു മാസമെങ്കിലും പിടിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.