തൃശൂർ- ജില്ലയിൽ ആദ്യ കോവിഡ് വാക്‌സിൻ സ്വീകരിച്ച് തൃശൂർ ഡി.എം.ഒ ഡോ. കെ.ജെ. റീന മാതൃകയായി. വാക്‌സിനെടുപ്പിന്റെ ടെൻഷനൊന്നും ഇല്ലാതെയാണ് ഡി.എം.ഒ വീട്ടിൽനിന്നും ജനറൽ ആശുപത്രിയിലെത്തിയത്. എന്നാൽ വീട്ടുകാർക്ക് ടെൻഷനുണ്ടായിരുന്നു. മെഡിക്കൽ വിദ്യാർഥിനിയായ മകൾക്ക് മാത്രം വാക്‌സിനേഷനെടുപ്പിനെക്കുറിച്ച് ടെൻഷനില്ലായിരുന്നുവെന്നും മകനും ഭർത്താവും നല്ല ടെൻഷനിലായിരുന്നുവെന്നും ഡോ. കെ.ജെ. റീന പറഞ്ഞു. എന്നാൽ യാതൊരു ടെൻഷനും വേണ്ടെന്നും ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞ് ഇരുവരേയും ശാന്തരാക്കാൻ ശ്രമിച്ചെന്നും റീന പറഞ്ഞു.
മൈക്രോ ബയോളജിസ്റ്റായ തനിക്ക് വാക്‌സിനേഷനുകളെക്കുറിച്ച് വ്യക്തമായി അറിയാമെന്നും അതിനാൽ ടെൻഷനില്ലെന്നും ഡി.എം.ഒ പറഞ്ഞു.
ആദ്യ വാക്‌സിൻ സ്വീകരിക്കാൻ ഞാൻ തന്നെ സ്വയം തയാറായതാണ്. മറ്റുള്ളവരോട് വാക്‌സിനെടുക്കാൻ ഞാൻ ഉപദേശിക്കണമെങ്കിൽ ഞാനാദ്യം അതെടുത്തിരിക്കണം. അല്ലാതെ വെറുതെ ഉപദേശിച്ചിട്ട് കാര്യമില്ല. സമൂഹത്തിന് വേണ്ടി കൂടിയാണ് ഇത്. ഇതെന്റെ ഡ്യൂട്ടിയുടെ ഭാഗം കൂടിയാണ്. എനിക്ക് ഈ വാക്‌സിനിൽ വിശ്വാസം വന്നാലേ എനിക്ക് മറ്റുള്ളവരോട് ഇതെടുക്കണം എന്ന് പറയാനാകൂ. അതിനാൽ ആദ്യ വാക്‌സിൻ സ്വീകരണത്തിന് ഞാൻ തയാറായി -ഡി.എം.ഒ പറഞ്ഞു.
രാവിലെ 11.23 നാണ് ഡി.എം.ഒ വാക്‌സിൻ സ്വീകരിച്ചത്. ജൂനിയർ പബ്ലിക് ഹെൽത്ത് നെഴ്‌സായ നീനയാണ് വാക്‌സിനെടുത്തത്. സൂചി കുത്തുമ്പോൾ വേദന തോന്നിയില്ലെങ്കിലും മരുന്ന് ഞരമ്പുകളിലേക്ക് കയറിയപ്പോൾ വേദന അനുഭവപ്പെട്ടുവെന്ന് ഡി.എം.ഒ പിന്നീട് പറഞ്ഞു. എന്നാൽ വലിയ പ്രശ്‌നമുണ്ടായില്ലെന്നും അര മണിക്കൂർ ഒബ്‌സർവേഷനിലിരുന്നുവെന്നും അവർ പറഞ്ഞു.