ജനീവ- നൂറ് ദിവസത്തിനുള്ളില്‍ ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ പ്രചരണം നടത്തണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍. അടുത്ത നൂറ് ദിവസത്തിനുള്ളില്‍ ലോകത്തെ എല്ലാ രാജ്യങ്ങളിലും കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തികള്‍ നടക്കുന്നത് എനിക്ക് കാണണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആദ്യം വാക്‌സിന്‍ ഉറപ്പു വരുത്തണമെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദനോം ഗബ്രിയേസിസ് പറഞ്ഞു.
യൂറോപ്യന്‍ സര്‍ക്കാരുകള്‍ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ യുഎസ് വാക്‌സിന്‍ കമ്പനിയായ ഫൈസര്‍ വാക്‌സിന്‍ വിതരണം മന്ദഗതിയിലാക്കി. ലോകത്ത് ആദ്യമായി കോവിഡ് വാക്‌സിന് അടിയന്തരാനുമതി യുകെയില്‍ നേടിയത് ഫൈസര്‍ വാക്‌സിന്‍ ആയിരുന്നു. എന്നാല്‍ ഫൈസര്‍ വാക്‌സിന്‍ വിതരണം ചെയ്ത 27 യൂറോപ്യന്‍ രാജ്യങ്ങളില്‍ 9 യൂറോപ്യന്‍ രാജ്യങ്ങളും വാക്‌സിന്‍ ഫലപ്രദമല്ലെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു.ആദ്യ രണ്ട് ദിവസം കൊണ്ട് ആറ് ലക്ഷം ആളുകള്‍ക്ക് തുര്‍ക്കിയില്‍ കോവിഡ് വാക്‌സിനേഷന്‍ നല്‍കി. ചൈന വികസിപ്പിച്ചെടുത്ത സിനോവാക് കോവിഡ് വാക്‌സിനാണ് തുര്‍ക്കി ഉപയോഗിക്കുന്നത്.