ജിദ്ദ- കാലചക്രങ്ങൾ മാറിമറയുമ്പോഴും പ്രതീക്ഷകൾ കൈവിടാതെ പുതിയ കാലഘട്ടത്തിൻറെ നവപ്രതീക്ഷകള്‍ക്കായി സമൂഹം ഒന്നിച്ച് നിൽകേണ്ടതുണ്ടെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹനൻ അഭിപ്രായപ്പെട്ടു.
"പുതിയ വർഷം പുതിയ പ്രതീക്ഷകൾ:" എന്ന തലക്കെട്ടിൽ തനിമ ജിദ്ദ നോർത്ത് സോൺ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ജാതിയുടെയും മതത്തിൻറെയും വിഭാഗീയത ഭക്ഷണത്തിൽ വരെ എത്തിച്ച് ശൈഥല്യങ്ങളുടെ തന്ത്രം മെനയുന്നവരെ ഒരുമയോടെ നിന്ന് പരാജയപ്പെടുത്തേണ്ടതാണ്. ശ്രീനാരായണഗുരു ദർശിച്ച മനുഷ്യരിലെ നന്മയ്ക്കും ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, സമത്വം, സാഹോദര്യം എന്നിവക്കും കോട്ടംതട്ടുന്ന വിധത്തിൽ പ്രവർത്തിക്കരുത്. മറിച്ച് പ്രളയസമയത്തും കോവിഡ് മഹാമാരിയി ലും നാം എങ്ങനെ പ്രയാസങ്ങളെ മറികടന്നുവോ അതു പോലെ എല്ലാ പ്രശ്നങ്ങളെയും അതിജയിക്കുവാൻ പരസ്പര സഹായത്തിലധിഷ്ഠിതമായ സഹോദര്യത്തിലൂടെ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിപാടിയിൽ സോഫിയ സുനിൽ ഗാനമാലപിച്ചു. സാജു ജോർജ്, റോബി തോമസ്, ഉമർ ഫാറൂഖ് എന്നിവർ സംസാരിച്ചു. അഫ്‌റ അഷ്‌റഫ് പ്രാർത്ഥന ഗീതം ചൊല്ലി. തനിമ സോണൽ പ്രസിഡണ്ട് അദ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ് അലി പട്ടാമ്പി സ്വാഗതം പറഞ്ഞു.