കോഴിക്കോട്- സൗദി അറേബ്യയിൽ നിന്ന് കോഴിക്കോട്ടേക്ക് പതിവു വിമാന സർവീസുകൾ ആരംഭിക്കാൻ ഏപ്രിൽ ഒന്ന് വരെ കാത്തിരിക്കണം. റിയാദ്, ജിദ്ദ, ദമാം എന്നീ നഗരങ്ങളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളാണ് ഇപ്പോൾ വരുന്നത്. കോഴിക്കോട്ട് ഏതാനും മാസം മുമ്പുണ്ടായ ചെറിയ വിമാന അപകടത്തെ മറയാക്കി വലിയ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. വൈഡ് ബോഡി വിമാനം വീണ്ടും വരണമെന്ന് പ്രവാസികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും ജനപ്രതിനിധികളുടെ കാര്യമായ ഇടപെടലുണ്ടായിട്ടില്ല. അതിനിടയ്ക്കാണ് റിയാദിൽ നിന്ന് കോഴിക്കോട്ടേക്ക് ഫിബ്രുവരി ഒന്നിന് സൗദി അറേബ്യൻ എയർലൈൻസിന്റെ വലിയ വിമാനം വരുന്നത്. എസ് വി 3889 വിമാനം റിയാദിൽ നിന്ന് പുലർച്ച 01.45ന് പുറപ്പെട്ട് അതിരാവിലെ ലാൻഡ് ചെയ്യും. ഇതോടെ വൈഡ് ബോഡി വിമാനമിറങ്ങുന്നതിലെ സാങ്കേതിക തടസ്സം മാറിയെന്നതാണ് മലബാറുകാരെ ആഹ്ലാദഭരിതരാക്കുന്നത്.