Sorry, you need to enable JavaScript to visit this website.

പൊതുമാപ്പ് അവസാനിക്കുന്നു, സൗദിയിൽ ശക്തമായ റെയ്ഡ്

റിയാദ് - സൗദിയിൽ നിയമലംഘകർക്ക് അനുവദിച്ചിരുന്ന പൊതുമാപ്പ് കാലാവധി തീരാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ഇക്കഴിഞ്ഞ മാർച്ച് 29ന് തുടങ്ങിയ പൊതുമാപ്പ് കാലാവധിയാണ് അവസാനിക്കാൻ പോകുന്നത്. പൊതുമാപ്പ് അവസാനിച്ചാൽ ശക്തമായ റെയ്ഡ് തുടങ്ങുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. 
ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് തടവും പിഴയും പ്രവേശന വിലക്കും അടക്കമുള്ള ശിക്ഷകൾ ഒഴിവാക്കി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതിന് അവസരമൊരുക്കുന്നതായിരുന്നു പൊതുമാപ്പ്. നാളെ മുതൽ സുരക്ഷാ വകുപ്പുകൾ ശക്തമായ പരിശോധനകൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. മാർച്ച് 29നാണ് മൂന്നു മാസ പൊതുമാപ്പ് നിലവിൽവന്നത്. 

നിയമ ലംഘകരായ വിദേശികളെയും ഇവർക്ക് സഹായങ്ങൾ നൽകുന്നവരെയും പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് സുരക്ഷാ വകുപ്പുകളും ബന്ധപ്പെട്ട ഗവൺമെന്റ് വകുപ്പുകളും ഇന്നു മുതൽ ശക്തമായ പരിശോധനകൾ ആരംഭിക്കും.

നിയമലംഘകർക്ക് അഭയമോ യാത്രാ സൗകര്യമോ ജോലിയോ മറ്റു സഹായങ്ങളോ നൽകാതെ വിദേശികളും സൗദികളും നിയമം പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്ന വിദേശികൾക്കും സൗദികൾക്കുമെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കും.

ഇഖാമ, തൊഴിൽ നിയമ ലംഘകരെയും അവർക്ക് സഹായങ്ങൾ നൽകുന്നവരെയും കുറിച്ച് 999 എന്ന നമ്പറിൽ വിവരം നൽകണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് നിയമ ലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായി ജവാസാത്ത് ഡയറക്ടറേറ്റ് നേരത്തെ അറിയിച്ചിരുന്നു. പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവരിൽ ആയിരക്കണക്കിനാളുകൾ പുതിയ വിസകളിൽ രാജ്യത്ത് തിരിച്ചെത്തിയതായും അധികൃതർ അറിയിച്ചു. 


സൗദിയിൽ സ്‌പോൺസർക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലി ചെയ്യുന്ന വിദേശികൾക്ക് പതിനായിരം റിയാലും നാടുകടത്തലുമാണ് ശിക്ഷ. പുതിയ വിസയിൽ രാജ്യത്തെത്തി ഇതേ നിയമലംഘനം ആവർത്തിക്കുന്നവർക്ക് കാൽ ലക്ഷം റിയാൽ പിഴയും ഒരു മാസം തടവും നാടുകടത്തലും മൂന്നാം തവണയും നിയമ ലംഘനം ആവർത്തിക്കുന്നവർക്ക് അര ലക്ഷം റിയാൽ പിഴയും ആറു മാസം തടവും നാടുകടത്തലും ശിക്ഷ ലഭിക്കും. വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത വിസിറ്റ്, ഹജ്, ഉംറ വിസക്കാർക്ക് ആദ്യതവണ 15,000 റിയാൽ പിഴയും നാടുകടത്തലും രണ്ടാം തവണ 25,000 റിയാൽ പിഴയും മൂന്നു മാസം തടവും നാടുകടത്തലും മൂന്നാം തവണ 50,000 റിയാൽ പിഴയും ആറു മാസം തടവും നാടുകടത്തലുമാണ് ശിക്ഷ. 
ഇഖാമ, തൊഴിൽ നിയമ ലംഘകർക്ക് ജോലിയും സഹായങ്ങളും നൽകുന്നവർക്ക് ആദ്യ തവണ 15,000 റിയാൽ പിഴയും രണ്ടാം തവണ 30,000 റിയാൽ പിഴയും മൂന്നു മാസം തടവും മൂന്നാം തവണ ഒരു ലക്ഷം റിയാൽ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. നിയമ ലംഘകരെ സഹായിക്കുന്നത് വിദേശികളാണെങ്കിൽ അവരെ നാടുകടത്തും. 

വിദേശികളെ ജോലിക്കായി പുറത്തേക്ക് വിടുന്ന തൊഴിലുടമകൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും അഞ്ചു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും ലഭിക്കും. വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത വിസിറ്റ് വിസക്കാരെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്നതിന് കാലതാമസം വരുത്തുന്ന, വിസിറ്റ് വിസക്കാരെ റിക്രൂട്ട് ചെയ്തവർക്ക് അര ലക്ഷം റിയാൽ വരെ പിഴയും ആറു മാസം വരെ തടവും നാടുകടത്തലും ശിക്ഷ ലഭിക്കും.

രാജ്യം വിടാത്ത ഹജ്, ഉംറ തീർഥാടകരെ കുറിച്ച് അറിയിക്കുന്നതിന് വൈകുന്ന ഹജ്, ഉംറ സർവീസ് കമ്പനികൾക്ക് ആദ്യ തവണ കാൽ ലക്ഷം റിയാലും രണ്ടാം തവണ അര ലക്ഷം റിയാലും മൂന്നാം തവണ ഒരു ലക്ഷം റിയാലും പിഴ ലഭിക്കും. രാജ്യം വിടാത്ത തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സർവീസ് സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. നുഴഞ്ഞുകയറ്റക്കാരെയും നിയമ ലംഘകരെയും ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും അഞ്ചു വർഷത്തേക്ക് റിക്രൂട്ട്‌മെന്റ് വിലക്കും മാനേജർക്ക് രണ്ടു വർഷം വരെ തടവുമാണ് ശിക്ഷ. വിദേശികളായ മാനേജർമാരെ നാടുകടത്തുകയും ചെയ്യും. 


 

Latest News