Sorry, you need to enable JavaScript to visit this website.

ലോട്ടറി മാഫിയ കൊള്ള അനുവദിക്കില്ല-മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം- കേരളീയരെ കൊള്ളയടിക്കാൻ ഇടനിലക്കാർ മുഖാന്തിരമുള്ള അന്യ സംസ്ഥാന ഭാഗ്യക്കുറികളെ അനുവദിക്കില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. കേരള സംസ്ഥാന ജിഎസ്ടി ചട്ടങ്ങളിലെ വ്യവസ്ഥകൾ കർശനമായിത്തന്നെ നടപ്പിലാക്കും. പരിമിതമെങ്കിലും സർക്കാരിനുള്ള അധികാരങ്ങളും അവകാശങ്ങളും എല്ലാ അർത്ഥത്തിലും ഉപയോഗപ്പെടുത്തും. ഇതര സംസ്ഥാന ഭാഗ്യക്കുറികളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കു നൽകിക്കൊണ്ട് കേന്ദ്ര ഭാഗ്യക്കുറി നിയന്ത്രണ നിയമം ഭേദഗതി ചെയ്യണമെന്നതാണ് കേരളത്തിന്റെ അഭിപ്രായം. ഇത് കേന്ദ്രത്തെ നേരത്തെതന്നെ അറിയിച്ചിട്ടുള്ളതാണ്. ഇനിയും ഇത് ആവശ്യപ്പെടും. ഇടനിലക്കാർ വഴി നടപ്പിലാക്കുന്ന ഇതരസംസ്ഥാന ഭാഗ്യക്കുറികൾ നടത്തുന്ന അതിരില്ലാത്ത തട്ടിപ്പ് തടയുകയെന്നത് സംസ്ഥാനത്ത് സമവായമുള്ള ഒരു നിലപാടാണ്. ഈ സർക്കാരിന്റെ കാലത്ത് നാളിതുവരെ അന്യസംസ്ഥാന ഭാഗ്യക്കുറികൾക്ക് പ്രവർത്തിക്കുന്നതിനുള്ള അവസരം ഉണ്ടായിട്ടില്ല.

ജി.എസ്.ടി നടപ്പിലായതോടെ ലോട്ടറിയുടെ നിയമപരമായിട്ടുള്ള പ്രത്യേകത മാറിമറിഞ്ഞു. ചരക്കുസേവന നികുതി ബാധകമായ ഒന്നായി ലോട്ടറിയും മാറി. അതോടെ സംസ്ഥാനത്തു നിലവിലുണ്ടായിരുന്ന കേരള സ്‌റ്റേറ്റ് ടാക്‌സ് ഓൺ പേപ്പർ ലോട്ടറി നിയമം അസാധുവായി. ഇതിൻ പ്രകാരമുള്ള നിയന്ത്രണ നടപടികൾ അസാധ്യമാണെന്നും വന്നു. ജി.എസ്.ടി കൗൺസിലിൽ കേരളം നടത്തിയ വലിയ പോരാട്ടത്തിന്റെ ഫലമായിരുന്നു ഭാഗ്യക്കുറികളിന്മേൽ ഭിന്നനിരക്കിലുള്ള ജി.എസ്.ടി സമ്പ്രദായം. ഇതര സംസ്ഥാന ഭാഗ്യക്കുറികൾക്ക് 28 ശതമാനം നികുതിയും നമ്മുടെ ഭാഗ്യക്കുറിക്ക് 12 ശതമാനം നികുതിയുമെന്ന സ്ഥിതി ഈ പോരാട്ടത്തിന്റെ ഫലമായി ഉണ്ടായതാണ്. ഭാഗ്യക്കുറി മാഫിയ ഇതിനെ കോടതിയിൽ ചോദ്യം ചെയ്തുവെങ്കിലും കോടതി ഈ ഭിന്നനികുതി സമ്പ്രദായം സാധുവാണെന്നു വിധിച്ചു. ഇതോടെ ജുഡീഷ്യറിക്കു പുറത്ത് ഉപജാപങ്ങളിലൂടെ തങ്ങളുടെ നികുതി നിരക്കും കുറയ്ക്കാനുള്ള ശ്രമം തുടങ്ങി. ജി.എസ്.ടി കൗൺസിലിൽ കേരളം വലിയ തോതിൽ പ്രതിരോധിച്ചു നിന്നു. കേന്ദ്ര സർക്കാർ വോട്ടിംഗിലൂടെ എല്ലാ ഭാഗ്യക്കുറികളുടെയും നികുതി 28 ശതമാനമാക്കി നിജപ്പെടുത്തുകയാണ് ചെയ്തത്. നികുതി കുറയ്ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിലും ഏകീകൃതമായ നികുതി സമ്പ്രദായത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തേയ്ക്ക് കടന്നുവരാൻ കഴിയുമോയെന്ന് ഈ ഭാഗ്യക്കുറി മാഫിയ പരിശ്രമിക്കുകയാണ്. ഇതിനു വീണ്ടും തടസ്സമായി നിന്നത് 2018ൽ കേരള ഭാഗ്യക്കുറി നിയന്ത്രണ ചട്ടങ്ങളിൽ നാം കൊണ്ടുവന്ന ഭേദഗതിയാണ്. ആ ഭേദഗതി ഇവർ ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. സംസ്ഥാന സർക്കാരിന് ഇത്തരമൊരു ചട്ടം നിർമ്മിക്കാൻ അധികാരമില്ലായെന്നാണ് സിംഗിൾ ബഞ്ച് വിധിച്ചത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ല എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇതിനെതിരായി സമർപ്പിച്ച അപ്പീൽ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. 

Latest News