കൊച്ചി- ഭൂമി കയ്യേറ്റക്കേസിൽ മന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശം. തോമസ് ചാണ്ടിയെ ന്യായീകരിച്ച സ്‌റ്റേറ്റ് അറ്റോർണിയെയും കോടതി വിമർശിച്ചു. പൊതുജനങ്ങളുടെ വിചാരണ നിങ്ങൾ നേരിടുകയാണെന്നും കോടതി നിങ്ങളെ സംരക്ഷിക്കുമെന്നാണോ കരുതുന്നതെന്നും തോമസ് ചാണ്ടിയുടെ അഭിഭാഷകൻ വിവേക് തൻഖയോട് കോടതി ചോദിച്ചു.
മന്ത്രിക്ക് സർക്കാറിനെതിരെ കേസ് നൽകാനാകുമോ എന്നും കോടതി ചോദിച്ചു. ഹരജിയുടെ സാധുത തന്നെ ചോദ്യം ചെയ്ത കോടതി ഈ ഹരജി നിലനിൽക്കുമോ എന്നും ആരാഞ്ഞു. സംസ്ഥാനത്തെ ഒരു കലക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ ചോദ്യം ചെയ്ത് എങ്ങനെയാണ് ഒരു മന്ത്രിക്ക് കോടതിയിൽ എത്താൻ കഴിയുക എന്നും കോടതി ചോദിച്ചു. ഒരു വ്യക്തി കോടതിയിൽ എത്തുന്നത് പോലെയല്ല, മന്ത്രി വരുന്നതെന്നും കോടതി ചോദിച്ചു. തങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കൊണ്ടാണ് കോടതിയിൽ എത്തിയത് എന്ന് വിവേക് തൻഖ പറഞ്ഞപ്പോൾ കലക്ടറുടെ റിപ്പോർട്ടിൽ അങ്ങിനെയില്ലല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. മന്ത്രിയാകുന്നതിന് മുമ്പാണ് തോമസ് ചാണ്ടി കയ്യേറ്റം നടത്തിയതെന്ന് സംസ്ഥാന അറ്റോർണി ജനറൽ പറഞ്ഞപ്പോഴാണ്, നിങ്ങൾ പൊതുജനങ്ങളുടെ വിചാരണ നേരിടുകയാണെന്നും കോടതി നിങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നുണ്ടോ എന്ന് തിരിച്ചടിച്ചത്. ഭൂമി കയ്യേറ്റ വിഷയത്തിൽ കടുത്ത വിമർശനമാണ് മന്ത്രി തോമസ് ചാണ്ടി ഇന്നും അഭിമുഖീകരിച്ചത്.