Sorry, you need to enable JavaScript to visit this website.

വ്യവസായ മേഖലയിൽ എൻജിനീയറിംഗ് പ്രൊഫഷനുകൾ സൗദിവൽക്കരിക്കുന്നു

റിയാദ്- വ്യവസായ മേഖലയിൽ എൻജിനീയറിംഗ് പ്രൊഫഷനുകൾ സൗദിവൽക്കരിക്കുന്നതിന് സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസും സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ പരിശീലന,  സംരംഭകത്വ മേഖലകളിൽ സഹകരിക്കാനും വ്യവസായ മേഖലയിൽ എൻജിനീയറിംഗ് പ്രൊഫഷനുകൾ സൗദിവൽക്കരിക്കുന്നതിൽ സംഭാവനകൾ നൽകാനും ലക്ഷ്യമിടുന്നതാണ് ധാരണാപത്രം. 


സംരംഭകരായ സൗദി എൻജിനീയർമാർക്ക് പിന്തുണ നൽകുന്ന മേഖലയിലും എൻജിനീയറിംഗ് പ്രൊഫഷനുകൾ സൗദിവൽക്കരിക്കുന്നതിലും പരസ്പരം സഹകരിക്കാൻ ധാരണാപത്രം അനുശാസിക്കുന്നതായി സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ് ഡയറക്ടർ ജനറൽ എൻജിനീയർ ഖാലിദ് അൽസാലിം പറഞ്ഞു. എൻജിനീയറിംഗ് ജോലികൾ പ്രോത്സാഹിപ്പിക്കാനും പുതുതായി ബിരുദം നേടിയ എൻജിനീയർമാർക്ക് വ്യവസായ നഗരങ്ങളിൽ തൊഴിലവസരങ്ങളും പരിശീലന പ്രോഗ്രാമുകളും ലഭ്യമാക്കാനും എൻജിനീയറിംഗ് കോളേജുകളിലെ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും ധാരണാപത്രത്തിലൂടെ ഉന്നമിടുന്നു. 


2001 ൽ സ്ഥാപിതമായതു മുതൽ സേവനങ്ങൾ പൂർണമായ വ്യവസായ നഗരങ്ങൾ വികസിപ്പിക്കാൻ പ്രവർത്തിക്കുകയാണ് സൗദി അതോറിറ്റി ഫോർ ഇൻഡസ്ട്രിയൽ സിറ്റീസ് ആന്റ് ടെക്‌നോളജി സോൺസ്. നിലവിൽ വിവിധ പ്രവിശ്യകളിൽ നിലവിലുള്ളതും നിർമാണ ഘട്ടത്തിലുള്ളതുമായി 35 വ്യവസായ നഗരങ്ങൾക്ക് അതോറിറ്റി മേൽനോട്ടം വഹിക്കുന്നു. സ്വകാര്യ വ്യവസായ കോംപ്ലക്‌സുകൾക്കും ഇൻഡസ്ട്രിയൽ സിറ്റികൾക്കും അതോറിറ്റി മേൽനോട്ടം വഹിക്കുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള വ്യവസായ നഗരങ്ങളിൽ 3500 ലേറെ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. 

Latest News