കൊച്ചി- മന്ത്രി തോമസ് ചാണ്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ ഹാജരാകാന്‍ പുറപ്പെട്ട അഡ്വ. വിവേക് തന്‍ഖക്ക് യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി. രാവിലെ കോടതിയിലേക്ക് പുറപ്പെട്ട തന്‍ഖയെ തടയാനുള്ള ശ്രമം നേരിയ സംഘര്‍ഷത്തിനിടയാക്കി. താജ് ഹോട്ടലില്‍നിന്ന് ഹൈക്കോടതിയിലേക്കു പുറപ്പെട്ട തന്‍ഖയുടെ കാര്‍ തടയാനാണ് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രമിച്ചത്. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്. പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതിഷേധത്തിനിടെ പരിക്കേറ്റു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി തോമസ് ചാണ്ടിക്കും എതിരെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന നിരസിച്ചു കൊണ്ടാണ് മധ്യപ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയായ തന്‍ഖ മന്ത്രി തോമസ് ചാണ്ടിയുടെ കേസ് വാദിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തോമസ് ചാണ്ടി നല്‍കിയ ഹരജിയില്‍ ഹൈക്കോടതിയില്‍ ഹാജരാകരുതെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ വിവേക് തന്‍ഖയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതു തന്റെ ജോലിയാണെന്നും തോമസ് ചാണ്ടി സുഹൃത്താണെന്നുമാണ് തന്‍ഖ മറുപടി നല്‍കിയത്.
കായല്‍ കയ്യേറ്റ ആരോപണത്തില്‍ രാജി സമ്മര്‍ദത്തിലായ മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ എന്‍.സി.പി ഇനിയും തീരുമാനം കൈക്കൊണ്ടിട്ടില്ല. പാര്‍ട്ടി നേതൃയോഗം എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി പ്രസിഡന്റ് ടി.പി. പീതാംബരന്‍ പറഞ്ഞു. അതേസമയം, കൊച്ചിയില്‍ ചേരുന്ന നേതൃയോഗത്തില്‍ രാജിയാവശ്യം ശക്തമായി ഉന്നയിക്കാന്‍ പാര്‍ട്ടിയിലെ തോമസ് ചാണ്ടി വിരുദ്ധ വിഭാഗം തയാറെടുത്തിരിക്കയാണ്.