റിയാദ്- സ്വകാര്യവൽക്കരണത്തിലൂടെ ഈ വർഷം ധനമന്ത്രാലയം സമാഹരിക്കാൻ ലക്ഷ്യമിടുന്നത് 3,000 കോടി റിയാൽ. കഴിഞ്ഞ വർഷത്തെ സ്വകാര്യവൽക്കരണ പദ്ധതികൾ പൂർത്തിയാക്കിയും കൂടുതൽ സ്വകാര്യവൽക്കരണ പദ്ധതികൾ പ്രഖ്യാപിച്ചും ഈ ലക്ഷ്യം കൈവരിക്കാനാണ് ശ്രമം. കഴിഞ്ഞ വർഷം സ്വകാര്യവൽക്കരണത്തിലൂടെ ധനമന്ത്രാലയം 1,500 കോടി റിയാലാണ് സമാഹരിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസം അടക്കമുള്ള മേഖലകളിൽ ഏതാനും പദ്ധതികളാണ് കഴിഞ്ഞ വർഷം സ്വകാര്യവൽക്കരിച്ചത്. പരിസ്ഥിതി, ജല, കൃഷി, ഗതാഗത, ഊർജ, വ്യവസായ, ധാതുവിഭവ മേഖലകൾ, മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം, പാർപ്പിട മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, കമ്യൂണിക്കേഷൻസ് മന്ത്രാലയം, ഹജ്, ഉംറ മന്ത്രാലയം എന്നിവയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചില മേഖലകൾ എന്നിവ സ്വകാര്യവൽക്കരിക്കാൻ ഊന്നൽ നൽകുന്നതായി ദേശീയ സ്വകാര്യവൽക്കരണ കേന്ദ്രം സി.ഇ.ഒ എൻജിനീയർ റയാൻ നഖാദി അറിയിച്ചു. ഓരോ മേഖലയുടെയും സ്വകാര്യവൽക്കരണത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ദേശീയ സ്വകാര്യവൽക്കരണ സെന്റർ ഡയറക്ടർ ബോർഡിന്റെ ശുപാർശ പ്രകാരം സാമ്പത്തിക, വികസന സമിതിക്ക് കൂടുതൽ മേഖലകളെ സ്വകാര്യവൽക്കരണ പരിധിയിൽ ഉൾപ്പെടുത്താവുന്നതാണ്. ഓരോ മേഖലയുടെയും സ്വകാര്യവൽക്കരണത്തിന്റെ നിഷേധാത്മക ഫലങ്ങൾ, ഗുണവശങ്ങൾ എന്നിവയും സ്വകാര്യവൽക്കരണത്തിന് പിന്തുടരാവുന്ന മികച്ച ശൈലികളും കമ്മിറ്റികൾ അറിയിക്കുമെന്നും എൻജിനീയർ റയാൻ നഖാദി പറഞ്ഞു.