Sorry, you need to enable JavaScript to visit this website.

തിരുഗേഹങ്ങളുടെ നാട്ടിലെ കാരുണ്യത്തിന് ഇതാ ഒരു ഉദാഹരണം കൂടി

കുഞ്ഞിനെ ഏറ്റുവാങ്ങി ജിദ്ദയിലെ പാക് കോണ്‍സല്‍ സാമി.

മക്ക- സൗദി ഭരണാധികാരികളുടെ കാരുണ്യത്തിനും  ഉദാരതക്കും മറ്റൊരു ഉദാഹരണം. ഉംറ നിര്‍വഹിക്കാന്‍ പുണ്യഭൂമിയിലെത്തിയ പാക്കിസ്ഥാനി യുവതി മക്കയിലെ ആശുപത്രിയില്‍ ജന്മം നല്‍കിയ കുഞ്ഞ് ഒരു വര്‍ഷത്തോളം നീണ്ട ചികിത്സക്കുശേഷം നാട്ടിലേക്ക് മടങ്ങുകയാണ്. പാക്കിസ്ഥാനില്‍ അവനെ കാത്തുനില്‍ക്കുന്ന മാതാപിതാക്കള്‍ക്ക് സൗദി അധികൃതരോടുള്ള നന്ദിയും സ്‌നേഹവും പറഞ്ഞാലും പറഞ്ഞാലും തീരില്ല.
മക്ക മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന പാക് ബാലനെ ജിദ്ദ കോണ്‍സുലേറ്റ് അധികൃതര്‍ക്ക് കൈമാറി. ലക്ഷക്കണക്കിന് റിയാല്‍ ചെലവു വരുന്ന വിദഗ്ധ ചികിത്സയിലൂടെ പൂര്‍ണ ആരോഗ്യം കൈവരിച്ചതോടെയാണ് കുഞ്ഞിനെ നാട്ടിലേക്ക് അയക്കുന്നത്.  ആശുപത്രിയില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ പരിചരണത്തിലായിരുന്നു ബാലന്‍.
മക്ക മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഹിലാല്‍ അല്‍മാലികിയില്‍നിന്ന് ജിദ്ദയിലെ പാക് കോണ്‍സല്‍ സാമി ബലീഗ് ഖാന്‍ ഏറ്റുവാങ്ങി.

https://www.malayalamnewsdaily.com/sites/default/files/2021/01/14/p2boy.jpg
മക്ക ആശുപത്രിയില്‍ വെച്ച് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ പാക് യുവതി കൊറോണ മഹാമാരി കാരണം സ്വദേശത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയായിരുന്നു. മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു വര്‍ഷമായി  ആശുപത്രി അധികൃതര്‍ പാക്കിസ്ഥാനിലുള്ള കുട്ടിയുടെ ബന്ധുക്കളുമായി നിരന്തരം ആശയവിനിമയം നടത്തുകയും കുഞ്ഞിന്റെ ആരോഗ്യ വിവരങ്ങള്‍ മുടങ്ങാതെ അറിയിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന് ലഭിച്ച മികച്ച ആരോഗ്യ പരിചരണങ്ങളില്‍ സൗദി ഭരണാധികാരികള്‍ക്കും ആരോഗ്യ ന്ത്രായത്തിനും മക്ക മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ മെഡിക്കല്‍ സംഘത്തിനും പാക് കോണ്‍സല്‍ നന്ദി പറഞ്ഞു.
പ്രസവിക്കുമ്പോള്‍ കുഞ്ഞിന്റെ തൂക്കം ഒരു കിലോ മാത്രമായിരുന്നു. പ്രസവിച്ചയുടന്‍ കുഞ്ഞിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും നവജാതശിശുക്കള്‍ക്കുള്ള തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തില്‍ 46 ദിവസം കിടത്തി ചികിത്സിക്കുകയും ചെയ്തു. മക്ക മെറ്റേണിറ്റി ആന്റ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ നവജാതശിശു തീവ്രപരിചരണ വിഭാഗം സൗദി അറേബ്യയിലെ ഏറ്റവും വലിയ തീവ്രപരിചരണ വിഭാഗങ്ങളില്‍ ഒന്നാണെന്ന് ഡോ. ഹിലാല്‍ അല്‍മാലികി പറഞ്ഞു.

 

Latest News