Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഓൺലൈൻ വിദ്യാഭ്യാസം രണ്ടരമാസം കൂടി തുടരും

റിയാദ് - സൗദിയിൽ പഠന പ്രക്രിയ ഓൺലൈൻ രീതിയിൽ പത്താഴ്ച കൂടി തുടരാൻ തീരുമാനം. വിദ്യാർഥികളെ കൊറോണ വൈറസിൽ നിന്ന് സംരക്ഷിക്കാൻ ആഗ്രഹിച്ചും വിദൂര രീതിയിലുള്ള പഠന സമ്പ്രദായം വിജയകരമാണെന്ന കാര്യം കണക്കിലെടുത്തും നേരത്തെ പ്രഖ്യാപിച്ച സംവിധാനത്തിന് അനുസൃതമായി സെക്കന്റ് ടേമിലെ പത്താമത്തെ ആഴ്ചാവസാനം വരെ ഓൺലൈൻ വിദ്യാഭ്യാസ രീതി തുടരാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 
സ്‌കൂളുകൾക്കും യൂനിവേഴ്‌സിറ്റികൾക്കും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സ്‌കൂൾ, യൂനിവേഴ്‌സിറ്റി തലങ്ങളിൽ പഠന പ്രക്രിയയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്താനും നിരീക്ഷിക്കാനും രണ്ടു കമ്മിറ്റികൾ രൂപീകരിച്ചിരുന്നു. കൂടാതെ ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലവുമായി ഏകോപനവും നടത്തി. 'മദ്‌റസതീ' പ്ലാറ്റ്‌ഫോമും 'ഐൻ' ചാനലുകളും (23 സാറ്റലൈറ്റ് ചാനലുകൾ) യൂട്യൂബ് ചാനലുകളും ദേശീയ വിദ്യാഭ്യാസ പോർട്ടലായ 'ഐനും', വെർച്വൽ നഴ്‌സറി ആപ്പും വഴിയുള്ള വിദൂര വിദ്യാഭ്യാസ പ്രക്രിയ വിജയകരമാണ്. യൂനിവേഴ്‌സിറ്റികളും കോളേജുകളിലും ഇൻസ്റ്റിറ്റിയൂട്ടുകളിലും ഓൺലൈൻ രീതിയിൽ കാര്യക്ഷമമായി പഠന പ്രക്രിയ തുടരുന്നു. ഇവയെല്ലാം സൗദി വിദ്യാഭ്യാസ മേഖലയുടെ വിജയമാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സെക്കന്റ് ടേമിൽ പത്താം വാരം അവസാനിക്കുന്നതു വരെ ഓൺലൈൻ പഠന രീതി തുടരാൻ തീരുമാനിച്ചത്.
 

Latest News