കോട്ടയം- വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക് 70 ശതമാനം പ്രാതിനിധ്യം വേണമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ചാണ്ടി ഉമ്മൻ. മത്സരിക്കുന്ന കാര്യം പരിഗണിക്കാമെന്നും മത്സരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി നാടിനുവേണ്ടി പ്രവർത്തിക്കുന്നയാളാണ്. ഇനിയും അത് തുടരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വോട്ട് ഉറപ്പിക്കുന്ന പ്രക്രിയയിലാണ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിലുടനീളം യൂണിറ്റുകൾ രൂപീകരിക്കും. 10 പേർ വീതം അടങ്ങുന്നതാണ് യൂണിറ്റുകൾ. നിയമസഭ തെരഞ്ഞെടുപ്പിലെ ചാലകശക്തി യൂത്ത് കോൺഗ്രസായിരിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ ഉണർത്തുവിളിയായി കണക്കാക്കാം. നിയമസഭ തെരഞ്ഞെടുപ്പിൽ നൂറിലധികം സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ്മൻചാണ്ടി യുഡിഎഫ് നേതൃസ്ഥാനത്തേക്ക് വരുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഒറ്റക്കെട്ടായി നിൽക്കണമെന്ന സന്ദേശമാണ് നൽകുന്നതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.