തിരുവനന്തപുരം- നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് കുടുതല്‍ പരിഗണ നല്‍കണമെന്ന ആവശ്യവുമായി മഹിള കോണ്‍ഗ്രസ് രംഗത്ത്. മുന്നണിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നതില്‍ ഇരുപത് ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി വിട്ടുനല്‍കണം. ജയസാധ്യതയുള്ള പതിനാല് സീറ്റുകളെങ്കിലും സ്ത്രീകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ശക്തമായ അവകാശവാദങ്ങളുമായാണ് മഹിള കോണ്‍ഗ്രസ് രംഗത്തെത്തുന്നത്. 14 സീറ്റുകളെങ്കിലും വേണമെന്നും, ഇതില്‍ വിജയ സാധ്യത ഉള്ളവയില്‍ മുന്‍ഗണന വേണമെന്നുമാണ് ആവശ്യം. വര്‍ഷങ്ങളായി അവസരം ലഭിക്കാത്തവര്‍ക്കും, യുവതികള്‍ക്കും പ്രത്യേക പരിഗണന നല്‍കണം. 2016ല്‍ അഞ്ചു വനിതകള്‍ക്ക് മാത്രമാണ് കോണ്‍ഗ്രസില്‍ സീറ്റ് ലഭിച്ചത്. ഇക്കുറി ജയസാധ്യതയുള്ള സീറ്റുകള്‍ ഉറപ്പാക്കാനാണ് നീക്കം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികള്‍ക്ക് വിജയിക്കാനായത് ചൂണ്ടിക്കാട്ടിയാണ് മഹിളാ കോണ്‍ഗ്രസ് സീറ്റാവശ്യം ശക്തമാക്കുന്നത്.