പിറായൂസ്- യോഗ്യതാ പ്ലേയോഫിൽ ഗ്രീസിനെ തകർത്ത് ക്രൊയേഷ്യ ലോകകപ്പ് യോഗ്യത നേടി. ഗ്രീസിലെ പിറായൂസിൽ ഞായറാഴ്ച രാത്രി നടന്ന മത്സരം ഗോൾരഹിത സമനിലയായെങ്കിലും, സ്വന്തം നാട്ടിൽ നടന്ന ആദ്യ പാദത്തിൽ നേടിയ 4-1ന്റെ തകർപ്പൻ വിജയം ക്രൊയേഷ്യക്ക് റഷ്യാ ടിക്കറ്റ് ഉറപ്പാക്കുകയായിരുന്നു. സാഗ്രിബിൽ നടന്ന ആദ്യ പാദം കഴിഞ്ഞപ്പോൾ തന്നെ സ്ലാറ്റ്‌കോ ഡാലിച്ചിന്റെ ടീം ലോകകപ്പ് നേടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചതാണ്.
ഇത് അഞ്ചാം തവണയാണ് ക്രൊയേഷ്യ ലോകകപ്പ് യോഗ്യത നേടുന്നത്. രാജ്യം രൂപീകൃതമായശേഷം 2010ലൊഴികെ എല്ലാ ലോകകപ്പുകളിലും ക്രൊയേഷ്യ കളിച്ചിട്ടുണ്ട്.
ആദ്യ പാദത്തിലെ മികച്ച വിജയ മാർജിൻ നൽകിയ മുൻതൂക്കം മുതലെടുത്ത് പ്രതിരോധത്തിലൂന്നിയാണ് ക്രൊയേഷ്യ ശനിയാഴ്ച കളിച്ചത്, പ്രത്യേകിച്ചും രണ്ടാം പകുതിയിൽ. ഗ്രീക്ക് സ്‌ട്രൈക്കർമാർക്ക് ഒരു പഴുതും അവർ അനുവദിച്ചില്ല. മത്സരം കടുപ്പമായിരുന്നെന്നും, തങ്ങളുടെ നിലവാരത്തിനൊത്ത് കളിക്കാനായില്ലെന്നും മത്സരത്തിനുശേഷം ക്രൊയേഷ്യയുടെ റയൽ മഡ്രീഡ് താരം ലൂക്ക മോർഡിച്ച് പറഞ്ഞു.
ആദ്യ പകുതിയിലെ കനത്ത തോൽവിക്ക് തങ്ങൾക്ക് വലിയ വില നൽകേണ്ടിവന്നുവെന്ന് ഗ്രീസിന്റെ ജർമൻകാരനായ കോച്ച് മിഷേൽ സ്‌കിബ് പറഞ്ഞു. ആദ്യ പാദം കളിച്ച ടീമിൽ ആറ് മാറ്റം വരുത്തിയാണ് സ്‌കിബ് രണ്ടാം പാദത്തിന് ടീമിനെ ഒരുക്കിയത്.
ഇതോടെ മൊത്തം 28 ടീമുകൾ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു. യൂറോപ്പിൽനിന്ന് 12, ലാറ്റിനമേരിക്കയിൽനിന്നും ഏഷ്യയിൽനിന്നും നാല് വീതം, ആഫ്രിക്കയിൽനിന്ന് അഞ്ച്, കോൺകാകാഫിൽനിന്ന് മൂന്ന് എന്നിങ്ങനെ. നാല് തവണ ചാമ്പ്യന്മാരായ ഇറ്റലിയാണ് യോഗ്യതാ പ്ലേയോഫിൽ ഏറ്റവും സമ്മർദം നേടിരുന്ന ടീം. ആദ്യ പാദത്തിൽ അവർ 1-0ന് സ്വീഡനോട് തോറ്റിരുന്നു. യൂറോപ്പിലെ തന്നെ മറ്റൊരു പ്ലേയോഫിൽ ഡെന്മാർക്ക് അയർലന്റിനെ നേരിടും.
ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരായ പെറുവും, ഓഷ്യാനയിലെ ന്യൂസിലാന്റും തമ്മിലും, ഏഷ്യയിലെ അഞ്ചാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയും കോൺകാകാഫിലെ ഹോണ്ടുറാസും തമ്മിലാണ് മറ്റ് പ്ലേയോഫുകൾ.