റിയാദ്- ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ 100 ശതമാനം സ്വദേശിവല്‍ക്കരണം പ്രാബല്യത്തില്‍. സൗദി പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ചെയര്‍മാനും ഗതാഗത മന്ത്രിയുമായ എന്‍ജി. സ്വാലിഹ് ബിന്‍ നാസര്‍ അല്‍ജാസിര്‍ ആണ് ഉത്തരവ് ഇറക്കിയത്. ടാക്‌സി കാറുകള്‍, സ്വകാര്യ വാഹനങ്ങള്‍, ഓണ്‍ലൈന്‍ ടാക്‌സി സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ഇനി മുതല്‍ വിദേശികളെ പൂര്‍ണമായി വിലക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
സൗദി യുവതി യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഈ നീക്കമെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ ഈ രംഗത്ത് നാല് ശതമാനം മാത്രമാണ് വിദേശികളുടെ സാന്നിധ്യമെന്നും അദ്ദേഹം പറഞ്ഞു. ആഭ്യന്തര മന്ത്രാലയം, മാനവവിഭവ ശേഷി-സാമൂഹിക വികസന മന്ത്രാലയം, മാനവ വിഭവശേഷി വികസന നിധി (ഹദഫ്) തുടങ്ങി വിവിധ ഗവണ്‍മെന്റ് വകുപ്പുകളുടെ സഹകരണത്തോടെയാണ് നിയമം നടപ്പിലാക്കുകയെന്നും എന്‍ജി. സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു.
നിരവധി സ്വദേശികള്‍ക്ക് തൊഴില്‍ അവസരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് മേഖലയില്‍ സമ്പൂര്‍ണ സൗദിവല്‍ക്കരണം നടപ്പിലാക്കുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് നടത്താന്‍ അനുമതി നല്‍കി ട്രാഫിക് നിയമം ഭേദഗതി ചെയ്തതാണ് ഇതില്‍ പ്രധാനം. ഈ മേഖലയില്‍ ജോലി ചെയ്യുന്നതിനായി സ്വകാര്യ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രാലയം സോഷ്യല്‍ ഡവലപ്‌മെന്റ് ബാങ്കുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. നിശ്ചിത സര്‍വീസുകള്‍ പൂര്‍ത്തിയാക്കുന്ന സ്വദേശി ഡ്രൈവര്‍മാര്‍ക്ക് നേടിയ വരുമാനത്തിന്റെ 40 ശതമാനം വരെ സാമ്പത്തിക സഹായം അനുവദിക്കുന്നതിന് മാനവ വിഭവശേഷി സാമൂഹ്യ വികസന മന്ത്രാലയവുമായും ഹദഫുമായും ധാരണയിലെത്തിയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. ദേശീയ പുരോഗതി ലക്ഷ്യമിട്ട് പദ്ധതിയുമായി സഹകരിച്ച സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ ടാക്‌സി സര്‍വീസ് മേഖലയിലെ സ്വദേശികള്‍ക്ക് മൂന്ന് മാസത്തോളം 3000 റിയാല്‍ ധനസഹായം അനുവദിച്ച ഭരണ നേതൃത്വത്തിന് കൃതജ്ഞത രേഖപ്പെടുത്തുന്നതായും എന്‍ജി. സ്വാലിഹ് അല്‍ജാസിര്‍ അറിയിച്ചു.
---