നെടുമ്പാശ്ശേരി- വിമാനം റാഞ്ചുമെന്ന് ഭീഷണി മുഴക്കിയ രണ്ട് യാത്രക്കാരെ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പിടികൂടി നെടുമ്പാശ്ശേരി പോലീസിന് കൈമാറി. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.തൃശൂര്‍ അരണാട്ടുകര സ്വദേശി ക്‌ളിന്‍സ് വര്‍ഗ്ഗീസ്, തിരുവനന്തപുരം സ്വദേശി അജയ് മേനോന്‍ എന്നിവരാണ് പിടിയിലായത്. ക്‌ളിന്‍സ് വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്യുകയും അജയ് മേനോനെ താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തു. സുഹൃത്തുക്കളായ ഇരുവരും മുബൈയില്‍ ബിസിനസ് ചെയ്തു വരികയാണ്. ഇന്നലെ ഉച്ചയ്ക്ക് 12.15 നുള്ള ജെറ്റ് എയര്‍വെയ്‌സ് വിമാനത്തില്‍ മുംബൈയിലേക്ക് പുറപ്പെടാനാണ് ഇവര്‍ എത്തിയത്. അജയ് മേനോന്‍ നേരത്തെ തന്നെ ചെക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്തില്‍ കയറിയിരുന്നു. ക്‌ളിന്‍സ് വര്‍ഗ്ഗീസ് വിമാനത്തിലേക്ക് കയറാന്‍ വരുന്നതിനിടെ മൊബൈല്‍ ഫോണില്‍ വിമാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് വിമാനത്തിനകത്തിരുന്ന സുഹൃത്ത് അജയ് മേനോനുമായുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണത്തിനിടയില്‍ നമുക്ക് ഈ വിമാനം തട്ടിക്കൊണ്ടു പോയാലോ എന്ന് ചോദിക്കുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ട ഗ്രൗണ്ട് ഹാന്‍ഡിലിംഗ് ജീവനക്കാര്‍ ഉടന്‍തന്നെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഞൊടിയിടയില്‍ വിമാനത്തിലേക്ക് എത്തിയ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഇരുവരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് മുഴുവന്‍ യാത്രക്കാരെയും ലഗേജുകളും പുറത്തിറക്കിയ ശേഷം വിമാനത്തില്‍ വിശദമായ പരിശോധന നടത്തി. പരിശോധനകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2.05 നാണ് വിമാനം മുംബൈയിലേക്ക് തിരിച്ചത്. വിമാനയാത്ര തടസ്സപ്പെടുത്തിയത്തിന് ക്ലിന്‍സ് വര്‍ഗീസിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.