Sorry, you need to enable JavaScript to visit this website.

സ്വദേശികൾക്കും വിദേശികൾക്കുമിടയിലെ നൈപുണ്യ വിടവ് നികത്താൻ പഠനം നടത്തും 

റിയാദ്- തൊഴിലന്വേഷകരായ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിലുള്ള നൈപുണ്യ വിടവ് നികത്താനായി പ്രത്യേക പഠനം നടത്താൻ ശൂറാ കൗൺസിൽ നിർദേശം. ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് (ഹദഫ്) നെയാണ് ശൂറാ കൗൺസിൽ ഈ ദൗത്യം ഏൽപിച്ചിരിക്കുന്നത്. സ്വകാര്യ, പൊതു മേഖലകളിൽ സ്വദേശികളും വിദേശികളും തമ്മിലെ ജോലിയിലെ പ്രാപ്തിയും കഴിവും വിലയിരുത്താനും കുറവുകൾ പരിഹരിക്കാനുമാണ് ഇത്തരത്തിൽ പഠനം നടത്താൻ ഡോ. അബ്ദുല്ല അൽശൈഖിന്റെ അധ്യക്ഷതയിൽ ചേർന്ന ശൂറാ കൗൺസിൽ തീരുമാനിച്ചത്. ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന രീതിയിൽ തൊഴിൽ വിപണിയെ പ്രാപ്തമാക്കാനും പുതിയ ലക്ഷ്യങ്ങളിലേക്ക് തൊഴിലന്വേഷകരെ എത്തിക്കാനുമാണ് ഹദഫിനോട് നിർദേശിച്ചിരിക്കുന്നത്. 


വീടുകളുടെ പുനർ നിർമാണ പദ്ധതി തുടരാൻ റിയൽ എസ്റ്റേറ്റ് ഡെവലപ്‌മെന്റ് ഫണ്ടിനോട് ശൂറാ കൗൺസിൽ നിർദേശിച്ചു. കൂടാതെ, നിർമാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ വില ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിനോദ മേഖലയിലെ സുസ്ഥിര വികസനത്തിനു വേണ്ടി ശ്രമിക്കുന്ന എന്റർടൈൻമെന്റ് അതോറിറ്റിയുടെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച കൗൺസിൽ ഈ മേഖലയിലെ എൻ.ജി.ഒകളെ പ്രോത്സാഹിപ്പിക്കണമെന്നും നിർദേശിച്ചു. 


കഴിവുള്ളവരെ ഉപയോഗപ്പെടുത്തി വികസ്വര നഗരങ്ങളിൽ ഫാക്ടറികളും വ്യാവസായിക യൂനിറ്റുകളും തുടങ്ങാൻ വ്യാവസായിക മന്ത്രാലയത്തോട് ശൂറാ നിർദേശിച്ചു. വ്യാവസായിക മേഖലയിൽ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണമെന്നും കൗൺസിൽ സൂചിപ്പിച്ചു. കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും മറ്റും അന്താരാഷ്ട്ര ടെലി കമ്യൂണിക്കേഷൻ യൂനിയനും സൗദി അതോറിറ്റി ഓഫ് ഡാറ്റ ആന്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിൽ ഒപ്പുവെച്ച കരാർ കൗൺസിൽ അംഗീകരിച്ചു. ഗതാഗത വികസനവുമായി ബന്ധപ്പെട്ട് ഹംഗറിയുമായി ഒപ്പുവെച്ച കരാറും കൗൺസിൽ അംഗീകരിച്ചു.

Latest News