Sorry, you need to enable JavaScript to visit this website.

സൗദിയിൽ ദിനേന അഞ്ച് പേർക്ക് ഭക്ഷ്യ വിഷബാധ ഏൽക്കുന്നു

റിയാദ്- കഴിഞ്ഞ വർഷം ജൂലൈ മുതൽ ഡിസംബർ വരെയുള്ള ആറു മാസങ്ങളിലായി രാജ്യത്ത് 829 പേർക്ക് ഭക്ഷ്യ വിഷബാധ ഏറ്റതായി റിപ്പോർട്ട്. ദിനേന അഞ്ച് പേർക്ക് എന്ന തോതിലാണ് 184 ദിവസത്തിനുള്ളിൽ ഇത്രയും പേർക്ക് വിഷബാധയേറ്റത്. നാഷനൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആന്റ് കൺട്രോൾ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഈ വിവരം. 
ഭക്ഷ്യ വിഷബാധ മൂലം 61 പകർച്ചകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 34 എണ്ണം പൊതു സ്രോതസ്സുകളിൽനിന്നും 27 എണ്ണം ഗാർഹിക സ്രോതസ്സുകൾ വഴിയുമാണ്. പൊതു സ്രോതസ്സുകളിലൂടെ 725 പേർക്കും ഗാർഹിക സ്രോതസ്സുകൾ വഴി 104 പേർക്കും വിഷബാധയേറ്റതായാണ് റിപ്പോർട്ട്. ബാധയേറ്റവരിൽ 740 പേർ സ്വദേശികളും 89 പേർ വിദേശികളുമാണ്. 500 പുരുഷന്മാർ, 329 സ്ത്രീകൾ, അഞ്ചിനും 19 നും ഇടയിൽ പ്രായമുള്ളവർ 280 പേർ, 20 നും 49 നും ഇടയിൽ പ്രായമുള്ളവർ 471 പേർ എന്നിങ്ങനെയാണ് ഇത് സംബന്ധിച്ച മറ്റു കണക്കുകൾ.
ഹഫർ അൽബാത്തിൻ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ വിഷബാധയേറ്റത്, 310 പേർ. രണ്ടാം സ്ഥാനത്തുള്ള റിയാദിൽ 147 പേർക്കും നജ്‌റാനിൽ 110 പേർക്കുമാണ് വിഷബാധ സ്ഥിരീകരിച്ചു.


 

Latest News