Sorry, you need to enable JavaScript to visit this website.

ഗെയിൽ: സമരത്തെ വിലക്കെടുക്കാൻ  സർക്കാർ ശ്രമമെന്ന് പ്രവാസി സാംസ്‌കാരിക വേദി

റജീന റഷീദ് വിഷയം അവതരിപ്പിക്കുന്നു.

റിയാദ്- സുരക്ഷാ പ്രശ്‌നം മറച്ച് നഷ്ട പരിഹാരത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന സർക്കാർ ജനങ്ങളുടെ ജീവന് വിലയിടാൻ ശ്രമിക്കുകയാണെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് കൈക്കൂലി നൽകി പ്രശ്‌നത്തിൽ നിന്ന് ഒളിച്ചോടാനും സമരത്തെ വിലക്കെടുക്കാനുമാണ് സർക്കാർ ശ്രമം. പോലീസിനെ കയറൂരി വിട്ട് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഹൈക്കോടതി നിശ്ചയിച്ച അഭിഭാഷക കമ്മീഷന്റെ കണ്ടെത്തലുകൾ ജനത്തിന്റെ ആശങ്കകൾ വർധിപ്പിക്കുന്നതാണ്. കമ്മീഷൻ തന്നെ നിർദേശിച്ച ബദൽ മാർഗങ്ങൾ  പരിഗണിച്ച് ജനവാസ കേന്ദ്രങ്ങൾ ഒഴിവാക്കും വിധം പദ്ധതി റീ അലൈൻമെന്റ് നടത്താൻ സർക്കാർ തയ്യാറാകണം.  സമരം ചെയ്യുന്ന ജനങ്ങൾ എല്ലാം തീവ്രവാദികളാണെന്ന സർക്കാർ വാദം പരിഹാസ്യമാണ്. 
പ്രതിപക്ഷത്തായിരിക്കുമ്പോൾ തങ്ങൾ തന്നെ നേതൃത്വം നൽകിയ സമരമായിരുന്നു ഇതെന്ന് മുഖ്യമന്ത്രിയും പാർട്ടിയും മറന്നു പോകരുത്. ജനകീയ സമരങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഭരണകൂട നിലപാടുകളെ എതിർക്കുന്നവർ കേന്ദ്രത്തിന് ദേശവിരുദ്ധരാണെങ്കിൽ സംസ്ഥാനത്തിന് അത് തീവ്രവാദികളാണെന്നതാണ് വ്യത്യാസം. ജനങ്ങൾ നടത്തുന്ന ജീവൽ സമരത്തിന് സംഗമം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പദ്ധതി പ്രദേശത്ത് നിന്നുള്ള ഇരകൾ തങ്ങൾക്കും നാട്ടുകാർക്കും ഉണ്ടാകുന്ന പ്രയാസങ്ങളും പോലീസ് നടത്തിയ അതിക്രമത്തിന്റെ ഭീകരതയും സദസ്സുമായി പങ്കുവെച്ചു. ഗെയിൽ വിക്ടിംസ് ഫോറം ജനറൽ കൺവീനർ റസാഖ് പാലേരി ടെലിഫോണിലൂടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി റിയാദ് ഘടകം പ്രസിഡന്റ് സാജു ജോർജ് അധ്യക്ഷത വഹിച്ചു. റജീന റഷീദ് വിഷയം അവതരിപ്പിച്ചു. ആർ. മുരളീധരൻ, ജയൻ കൊടുങ്ങല്ലൂർ, ലത്തീഫ് ഓമശേരി, ഉമ്മർ കക്കാട്, റഹ്മത്ത് തിരുത്തിയാട്, ഖലീൽ പാലോട് എന്നിവർ സംസാരിച്ചു.  അഷ്‌റഫ് കൊടിഞ്ഞി സ്വാഗതവും സലിം മൂസ നന്ദിയും പറഞ്ഞു.
 

Latest News