പുല്‍പള്ളി-മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളിയില്‍ ഭീതിപരത്തിയ കടുവ മയക്കു വെടിയേറ്റിട്ടും മയങ്ങാതെ കാടുകയറി. മയക്കുവെടിയേറ്റു കിടക്കുന്നതിനിടെ കടുവ നടത്തിയ ആക്രമണത്തില്‍ അടുത്തുനിന്നു നിരീക്ഷണം നടത്തുകയായിരുന്ന പുല്‍പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ വാച്ചര്‍ വിജേഷിനു(36)പരിക്കേറ്റു.
ഇദ്ദേഹത്തെ മേപ്പാടി ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. വിജേഷിനെ ആക്രമിച്ചശേഷം കടുവ കൊളവള്ളിക്കടുത്തു കന്നാരംപുഴയോടു ചേര്‍ന്നുള്ള റബര്‍ത്തോട്ടത്തിലൂടെ ബന്ദിപ്പുര വനത്തിലേക്കാണ് പോയത്. കടുവ കാടുകയറിയത് ദിവസങ്ങളായി ഭിതിയില്‍ കഴിയുന്ന ജനങ്ങള്‍ക്കു താത്കാലിക ആശ്വാസമായി. കടുവ തിരികെ എത്തുമെന്ന ശങ്കയും ജനങ്ങളെ അലട്ടുന്നുണ്ട്. വനപാലകര്‍ പ്രദേശത്തു നിരീക്ഷണം തുടരുകയാണ്.
ചൊവ്വാഴ്ച മുതല്‍ നടത്തുന്ന തെരച്ചലിനു ഒടുവില്‍ കൊളവള്ളി ഐശ്വര്യക്കവലയില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ മുറ്റത്താണ് കടുവയെ കണ്ടെത്തിയത്. പിന്നീട് കുറ്റിക്കാട്ടില്‍ മറഞ്ഞ കടുവയെ ഡ്രോണ്‍ സഹായത്തോടെ കണ്ടെത്തി വൈകുന്നേരം നാലോടെയാണ് മയക്കുവെടി പ്രയോഗിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും കടുവ മയങ്ങിയില്ല. ഇതേത്തുടര്‍ന്നു നിരീക്ഷണം നടത്തുന്നതിനിടെയാണ് വിജേഷിനു ദുരനുഭവം. കടുവയില്‍ വീണ്ടും മയക്കുവെടി പ്രയാഗിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഡ്രോണ്‍ മുഖേനയുള്ള നിരീക്ഷണത്തിലാണ് കടുവ കാട്ടിലേക്കു പോകുന്നതു വനപാലകര്‍ കണ്ടത്.
സി.സി.എഫ് വിനോദ്കുമാര്‍, ഫ്‌ളെയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ പി.ധനേഷ്‌കുമാര്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു കടുവയെ കണ്ടെത്തുന്നതിനു ഇന്നലത്തെ ശ്രമം. ഏഴു സംഘങ്ങളായി തിരിഞ്ഞായിരുന്നു തെരച്ചില്‍. ഒരാഴ്ച മുമ്പാണ് കടുവ കബനി കടന്ന് കൊളവള്ളിയില്‍ എത്തിയത്. കൊളവള്ളി, പാറക്കവല, ഐശ്വര്യക്കവല, സീതാമൗണ്ട് പ്രദേശങ്ങളില്‍ ചുറ്റിത്തിരിഞ്ഞ കടുവ പത്തോളം വളര്‍ത്തുനായ്ക്കളെ ഇരയാക്കി. കഴിഞ്ഞ ഞായറാഴ്ച കടുവയുടെ ആക്രമണത്തില്‍ ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ടി.ശശികുമാറിന് പരിക്കേറ്റിരുന്നു. ഇദ്ദേഹവും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ശശികുമാറിനെ ആക്രമിച്ചതിനു പിന്നാലെയാണ് കടുവയെ പിടികൂടുന്നതിനു വനം വകുപ്പ് രണ്ടു കൂടുകള്‍ സ്ഥാപിച്ചതും മയക്കുവെടി പ്രയോഗത്തിനു നീക്കം നടത്തിയതും. കടുവ ബന്ദിപ്പുര വനത്തിലേക്കു കടന്ന വിവരം കര്‍ണാടക വനം വകുപ്പിനെ അറിയിച്ചിട്ടുണ്ട്.