കണ്ണൂര്‍- നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരന്‍ എംപി. ചെന്നിത്തലും ഉമ്മന്‍ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ക്രിസ്ത്യന്‍ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവര്‍ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. വെല്‍ഫെയര്‍ ബന്ധം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും വിശദമായ ചര്‍ച്ച നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകും- മുരളീധരന്‍ പറഞ്ഞു. ഒരു ടിവി ചാനലില്‍ ആയിരുന്നു മുരളീധരന്റെ പ്രതികരണം.