ജിദ്ദ- ഗിന്നസ് ബുക് റെക്കോർഡ് ലക്ഷ്യമിട്ട് ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നാളെ അബീർ മെഡിക്കൽ ഗ്രൂപ്പ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുമായി സഹകരിച്ച് ഏറ്റവും വലിയ മനുഷ്യ മൊസൈക് നിർമിക്കുന്നു. ലോക ഭൂപട പാശ്ചാത്തലത്തിൽ ലോക പ്രമേഹ ദിനം, സൗദി വിഷൻ 2030, അബീർ ഗ്രൂപ്പ് എന്നീ ലോഗോ മനുഷ്യരൂപത്തിൽ തീർത്തായിരിക്കും ലോക മൊസൈക് നിർമിക്കുകയെന്ന് അബീർ ഗ്രൂപ്പ്, ഇന്ത്യൻ സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യൻ സ്‌കൂൾ മൈതാനിയിൽ 4500 വിദ്യാർഥികളെ അണിനിരത്തിയായിരിക്കും ലോക റെക്കോർഡ് തീർക്കുകയെന്ന് അവർ വെളിപ്പെടുത്തി. കാമ്പയിൻ മുഖ്യ രക്ഷാധികാരി ഇന്ത്യൻ കോൺസുൽ ജനറൽ നൂർറഹ്മാൻ ശൈഖ്, കോൺസൽമാർ, അബീർ മാനേജ്‌മെന്റ് ടീം തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
4200 പോലീസുകാർ അണിനിരന്ന നിലവിലെ ഇറാഖ് റെക്കോർഡായിരിക്കും നാളെ ഭേദിക്കുക. 2015 ഏപ്രിലിൽ 4200 പോലീസുകാരെ അണിനിരത്തി ഇറാഖ് പതാക തീർത്തായിരുന്നു ഇറാഖ് ലോക റെക്കോർഡിനുടമയായത്.
അതിവേഗം വർധിച്ചുകൊണ്ടിരിക്കുന്ന പ്രമേഹ രോഗത്തെ തടയുന്നതിന് വിദ്യാർഥികളെയും പൊതു ജനത്തേയും ബോധവൽക്കരിക്കുകയാണ് മനുഷ്യ മൊസൈക് തീർക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള പ്രദേശമായതുകൊണ്ടും അത് കൂടുതൽ ജനങ്ങളിലേക്ക് എത്തണമെന്നതുകൊണ്ടുമാണ് സൗദി അറേബ്യയിൽ ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി. പ്രമേഹ രോഗത്തെയും ജീവിത രീതിയെകുറിച്ചും ജിദ്ദയിലെ സ്‌കൂളുകളിലും സർവകലാശാലകളിലും പഠിക്കുന്ന 10,000 വിദ്യാർഥികളിൽ സർവെ നടത്തിയതായും അവർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ അബീർ വൈസ് പ്രസിഡന്റ് ഡോ. ജംഷിദ് അഹമ്മദ്, മറ്റു മാനേജ്‌മെന്റ് പ്രതിനിധികളായ അബ്ദുൽറഹ്മാൻ, കെ. ജയൻ, ജാബിർ വലിയകത്ത്, ഇന്ത്യൻ സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ആസിഫ് റമീസ് ദാവൂദി എന്നിവർ സംബന്ധിച്ചു.