വൈദ്യുത വേലിയിൽ കിടത്തി ഷോക്കേൽപിച്ചു കൊന്നുവെന്ന് മാനന്തവാടി-മാനന്തവാടി കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭയുടെ (28) മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി. ശോഭയുടെ മാതാവ് അമ്മിണി ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്. ശോഭയുടെ മരണത്തിലെ ദുരൂഹത അകറ്റാൻ ലോക്കൽ പോലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്നു കാണിച്ചായിരുന്നു അമ്മിണിയുടെ പരാതി.
2020 ഫെബ്രുവരി മൂന്നിനു പുലർച്ചെ മാനന്തവാടി കളപ്പുര കോളനിക്കു സമീപം വയലിലാണ് ശോഭയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വയലിലെ വൈദ്യുത വേലിയിൽനിന്നു ഷോക്കേറ്റതാണ് ശോഭയുടെ മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് അവലംബിച്ച് ലോക്കൽ പോലീസ് പറയുന്നത്. എന്നാൽ
ശോഭയെ ആരോ ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നവെന്ന സംശയത്തിലാണ് മാതാവും കളപ്പുര കോളനിവാസികളും. ശോഭ മദ്യം കഴിച്ചിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്.
ഫെബ്രുവരി രണ്ടിനു രാത്രി ഫോൺ വന്നതിനു പിന്നാലെയാണ് ശോഭ വീടിനു പുറത്തു പോയത്. സൗഹൃദത്തിലായിരുന്ന സമീപവാസിയായ യുവാവാണ് ഫോൺ ചെയ്തത്. ശോഭയുടെ മരണ വിവരം പിറ്റേന്നു രാവിലെയാണ് കോളനിവാസികൾ അറിഞ്ഞത്. പ്രദേശവാസികളിൽ ഒരാളാണ് മൃതദേഹം ആദ്യം കണ്ടത്.
പുലർച്ചെ അഞ്ചോടെ പുല്ലരിയാൻ വയലിൽ പോയപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽ –പെട്ടതെന്നാണ് ഇദ്ദേഹം പോലീസിനു മൊഴി നൽകിയത്. ശോഭക്കു വൈദ്യുതാഘാതമേൽക്കാൻ കാരണമായി പറയുന്ന വേലി പോലീസ് എത്തിയപ്പോൾ വയലിൽ ഉണ്ടായിരുന്നില്ല. പോലീസ് എത്തും മുമ്പേ സ്ഥലം ഉടമ വേലി മാറ്റിയിരുന്നു.
ശോഭയെ മദ്യം കുടിപ്പിച്ച് അവശയാക്കിയ ശേഷം ചുമന്നു വയലിലെത്തിച്ചു വൈദ്യുത വേലിയിൽ കിടത്തി ഷോക്കേൽപിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോളനിക്കാരുടെ സംശയം. രാത്രി വീട്ടിൽനിന്നുപോയ ശോഭ മരണം സംഭവിക്കുന്നതുവരെ എവിടെയായിരുന്നു, ആർക്കൊപ്പമാണ് മദ്യപിച്ചത് എന്നതിൽ വ്യക്തതയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചളിയുള്ള വയലിലാണ് ശോഭയുടെ മൃതദേഹം ഉണ്ടായിരുന്നത്. ശോഭ സ്വയം നടന്നു വയലിൽ എത്തിയതാണെങ്കിൽ കാലിൽ ചളി കാണുമായിരുന്നു. എന്നാൽ ശോഭയുടെ കാലിൽ വയലിലെ ചളി പുരണ്ടിരുന്നില്ല.
കോളനിക്കു കുറച്ചകലെ ആളൊഴിഞ്ഞ വീട്ടിൽനിന്നു ശോഭയെ മരിച്ച നിലയിൽ കണ്ടതിന്റെ തലേന്നു രാത്രി ബഹളം കേട്ടതായി പരിസരവാസികൾ പറയുന്നു. എന്നാൽ ഈ വീടും പരിസരവും മുദ്ര ചെയ്തു തെളിവുകൾ ശേഖരിക്കാൻ ഉത്തരവാദപ്പെട്ടവർ തയാറായില്ല. ഇതേ വീടിന്റെ മുറ്റത്തുനിന്നു നാട്ടുകാർ കണ്ടെടുത്ത് കൈമാറിയ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കുന്നതിലും പോലീസ് വീഴ്ച വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജില്ലാ പോലീസ് മേധാവിക്കു അമ്മിണിയുടെ പരാതി. ശോഭയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കളപ്പുര കോളനിമുറ്റത്ത് ഊരു സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സത്യഗ്രഹം നടന്നുവരികയാണ്.
അതിനിടെ, ശോഭയുടെ മരണവുമായി ബന്ധപ്പെട്ട കേസ് നടത്തിപ്പിനെന്നു പറഞ്ഞു ചിലർ കോളനിക്കാരെ ഉപയോഗപ്പെടുത്തി പണപ്പിരിവു നടത്തുന്നതായി പരാതി ലഭിച്ചതായി പോലീസ് അറിയിച്ചു. പരാതിയിൽ കേസെടുത്തു പോലീസ് അന്വേഷണം നടത്തിവരികയാണ്.