Sorry, you need to enable JavaScript to visit this website.

അന്വേഷണം പാടില്ലെന്ന് ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടു- മുഖ്യമന്ത്രി

തിരുവനന്തപുരം- ബാര്‍ കോഴ കേസില്‍ തനിക്കെതിരെ അന്വേഷണം പാടില്ലെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്  ഗവര്‍ണറെ സമീപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വിജിലന്‍സ് അന്വേഷണങ്ങളെ കുറിച്ചായിരുന്നു അംഗങ്ങളുടെ ചോദ്യം.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള ചോദ്യത്തിനിടെയാണ് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ പ്രസ്താവന.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കാന്‍ കൈക്കൂലി നല്‍കിയെന്നാണ് ബാറുടമ ബിജു രമേശ് വെളിപ്പെടുത്തിയത്. സംഭവത്തില്‍ രഹസ്യാന്വേഷണം നടത്തിയിരുന്നു. പ്രാഥമിക അന്വേഷണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചുവരികയാണ്. അതിനിടെയാണ് പ്രതിപക്ഷ നേതാവ് അദ്ദേഹത്തിനെതിരെ അത്തരമൊരു അന്വേഷണം പാടില്ലെന്ന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചതെന്ന് പിണറായി പറഞ്ഞു.

പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യത്തിന് അനുമതി നല്‍കിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് കെ.സി ജോസഫ് കുറ്റപ്പെടുത്തി.
അഴിമതി ആരോപണങ്ങളില്‍ പ്രതിരോധത്തിലായ സര്‍ക്കാര്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് ശ്രമിക്കുന്നതെന്ന് ചോദ്യങ്ങള്‍ മറുപടിയായി പ്രതിപക്ഷ നേതാവ് ആരോപിച്ചു.ബാര്‍ കോഴ രണ്ട് തവണ അന്വേഷിച്ചതാണെന്നും ഇതുമായി ബന്ധപ്പെട്ട ഒരു സിഡിയിലാണ് തന്റെ പേരുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സിഡിയില്‍ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. താന്‍ കോഴ വാങ്ങിയിട്ടില്ല. ഏത് അന്വേഷണം നടന്നാലും പ്രതിപക്ഷത്തിന് ഒരു ചുക്കുമില്ലെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാഴ്‌വേലയാണിതെന്നും അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വി.ഡി സതീശനെതിരായ കേസ് വിദേശത്ത് പോയി അവിടെ നിന്ന് ഫണ്ട് സ്വീകരിച്ചെന്ന കേസാണെന്നും അക്കാര്യത്തില്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ പരിമിതികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ മറ്റ് കാര്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു. ടൈറ്റാനിയം കേസില്‍ മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റെടുക്കില്ലെന്ന നിലപാടില്‍ സി.ബി.ഐ എത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

Latest News