കൊണ്ടോട്ടി-തുടർച്ചയായ അഞ്ചാം വർഷക്കാർക്ക് നേരിട്ട് അവസരം നൽകുന്നത് നിർത്തലാക്കി കേന്ദ്ര ഹജ് കമ്മറ്റി സംസ്ഥാന ഹജ് കമ്മിറ്റികൾക്ക് ഈ വർഷത്തെ ഹജ് അപേക്ഷ ഫോറത്തിന്റെ മാതൃക കൈമാറി. കേന്ദ്രഹജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച അപേക്ഷ ഫോറവും നിർദേശങ്ങളും പുതിയ ഹജ് നയം ഉൾക്കൊളളിച്ചു കൊണ്ടാണ് പുറത്തിറക്കിയത്.പൂരിപ്പിച്ച അപേക്ഷകൾ 15 മുതൽ സ്വീകരിക്കും. ഓൺലൈനായാണ് അപേക്ഷകൾ നൽകേണ്ടത്.ഈ വർഷവും കരിപ്പൂരിനെ തഴഞ്ഞ് കേരളത്തിലെ ഹജ് എംബാർക്കേഷൻ പോയന്റായി കൊച്ചിയെ നിലനിർത്തി.
70 വയസ് കഴിഞ്ഞവർക്കും ഒരു സഹായിക്കും മാത്രമാണ് ഇത്തവണ നറുക്കെടുപ്പില്ലാതെ ഹജിന് പോകാനാവുക.അഞ്ചാം വർഷക്കാർക്ക് സംവരണം നിർത്തിയതോടെ മറ്റുള്ളവരോടൊപ്പം നറുക്കെടുപ്പിലൂടെ മാത്രമാകും അവസരം ലഭിക്കുക. 1376 പേരാണ് ഇത്തരം അപേക്ഷകരായി ഉണ്ടായിരുന്നത്. ഇവർക്ക് ഇനി മുതൽ പ്രത്യേക പരിഗണന ലഭിക്കില്ല.
1947 നവംബർ 15ന് മുമ്പ് ജനിച്ചവർക്കാണ് 70 വയസിന് മുകളിലുള്ളവരുടെ മുൻഗണന ലഭിക്കുക. 45 വയസിന് മുകളിലുള്ള വനിതകൾ നാലു പേർ ഒന്നിച്ച് ഹജിന് പോവുകയാണെങ്കിൽ മഹ്റം ആവശ്യമില്ല. നേരത്തെ എല്ലാ വനിതകൾക്കും മഹ്റം നിർബന്ധമായിരുന്നു.ഹജിന് അപേക്ഷിക്കുന്നവർക്ക് 2019 ഫെബ്രുവരി 14 വരെ കാലാവധിയുളള പാസ്പോർട്ട് നിർബന്ധമാണ്. 300 രൂപയാണ് അപേക്ഷ ഫീസ്. എസ്.ബി.ഐയുടയോ ഇന്ത്യൻ ബാങ്കിന്റെയോ ശാഖകളിൽ നിർദിഷ്ട പേ ഇൻ സ്ലിപ് ഉപയോഗിച്ചാണ് ഫീസ് അടയ്ക്കേണ്ടത്.
ഹജ് നയത്തിൽ എല്ലാവർക്കും അസീസിയയിൽ മാത്രം താമസസൗകര്യമെന്നാണ് ശുപാർശയെങ്കിലും ഗ്രീൻ വിഭാഗത്തിലും അപേക്ഷിക്കാം.അസീസിയയിൽ രണ്ടു ലക്ഷവും ഗ്രീൻ വിഭാഗത്തിൽ 2,34,000 രൂപയും ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹജിന് അവസരംലഭിക്കുന്നവർ ആദ്യഗഡുവായി 81000 രൂപ നൽകണം. ഹജ്ജ് കമ്മിറ്റിയുടെ പേ-ഇൻ സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ, യൂണിയൻ ബാങ്കുകളുടെ ശാഖകളിൽ പണം അടയ്ക്കാം.ജൂലായ് 11 മുതൽ ആഗസ്ത് 13 വരെയാണ് ഇന്ത്യയിൽ നിന്ന് ഹജ് വിമാനങ്ങൾ പുറപ്പെടുക. ആഗസ്ത് 24 മുതൽ സെപ്റ്റംബർ 26 വരെ ഹാജിമാർ മടങ്ങിയെത്തും. ഹാജിമാരുടെ ലഗേജ് താമസസ്ഥലത്ത് നിന്ന് 24 മണിക്കൂർ മുമ്പ് ശേഖരിച്ച് വിമാനത്താവളത്തിൽ വച്ച് കൈമാറും. 22 കിലോ വീതം രണ്ട് ബാഗും 10 കിലോയുള്ള ഒരു ഹാൻഡ് ബാഗുമാണ് അനുവദിച്ചിരിക്കുന്നത്. അഞ്ച് ലിറ്റർ സംസം വെള്ളമാണ് ലഭിക്കുക. സംസം നേരത്തെ എത്തിച്ച് വിമാനത്താവളത്തിൽ വച്ച് കൈമാറും.
70 ശതമാനം സീറ്റുകൾ ഹജ് കമ്മിറ്റികൾക്കും 30 ശതമാനം സ്വകാര്യ ഗ്രൂപ്പുകൾക്കുമെന്ന് ഹജ് നയത്തിലെ ശുപാർശയാണ് ഹജ് മാർഗനിർദേശവും പിന്തുടരുന്നത്.ഹജ് നയത്തിൽ ഒമ്പത് എംബാർക്കേഷൻ കേന്ദ്രങ്ങളാണ് ശുപാർശ ചെയ്തതെങ്കിലും നിലവിലെ 21 എണ്ണം നിലനിർത്തിയിട്ടുണ്ട്്.
ഹജ് നയത്തിലെ ശുപാർശകൾ നടപ്പാക്കുന്നതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ ഹജ് ഹൗസിലെത്തി വക്കാലത്ത് ഒപ്പിട്ടു. കരിപ്പൂരിനെ ഹജ് എംപാർക്കേഷൻ പോയന്റിൽ നിന്ന് ഒഴിവാക്കിയതും തുടർച്ചയായി അഞ്ചു വർഷം അപേക്ഷിക്കുന്നവർക്കുള്ള സംവരണം ഒഴിവാക്കിയതുമാണ് കേരളം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുക.
റൺവേ അറ്റകുറ്റപ്പണികൾ കാരണം വലിയ വിമാനങ്ങളുടെ സർവീസിന് വിലക്ക് വന്നതോടെയാണ് 2015ൽ കരിപ്പൂരിൽ നിന്നുള്ള ഹജ് സർവീസ് താത്കാലികമായി നിർത്തിയത്. ഈ വർഷം ഹജ് സർവീസ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഹജ്ജ് നയത്തിൽ കൊച്ചിയെ സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്.ഹജ് ഹൗസിലെത്തിയ ഹാരിസ് ബീരാന് സംസ്ഥാന ഹജ് കമ്മിറ്റി അധ്യക്ഷൻ തൊടിയൂർ മുഹമ്മദ്കുഞ്ഞിമൗലവി രേഖകൾ കൈമാറി. വക്കാലത്ത് ഒപ്പിട്ടുനൽകുകയും ചെയ്തു. കമ്മിറ്റിയംഗങ്ങൾ സംബന്ധിച്ചു.