തിരുവനന്തപുരം- കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ നടപടിക്ക് ആധാരമായ സംഗീത ആൽബം പുറത്തിറക്കിയത് ജില്ലാ കമ്മിറ്റിയുടെ അനുമതിയോടെ. കെ.കെ രാഗേഷ് എം.പിയുടെ പൂർണ സമയം മേൽനോട്ടത്തിലായിരുന്നു ആൽബം പുറത്തിറക്കിയത്. ആറരമിനിറ്റ് ദൈർഘ്യമുള്ളതാണ് ആൽബം.
കണ്ണൂരിൽ താരകമല്ലോ ചെഞ്ചോരപ്പൊൻ കതിരല്ലോ
നാടിനൊരു നായകനല്ലോ പി. ജയരാജൻ ധീരസഖാവ്.
ചെമ്മണ്ണിൻ മാനം കാക്കും നന്മകൾ തൻ പൂമരമല്ലോ
ചെങ്കൊടി തൻ നേരത് കാക്കും നേരുള്ളൊരു ധീര സഖാവ്...എന്ന് തുടങ്ങുന്നതാണ് സംഗീത ആൽബം.
എന്നാൽ ജയരാജൻ
പാർട്ടിക്ക് അതീതനായി വളരാനുള്ള ശ്രമം നടത്തുന്നതായും ഇത് അംഗീകരിക്കാനാകില്ലെന്നുമാണ് പാർട്ടി സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതിയിൽ പി. ജയരാജനെതിരെ രൂക്ഷവിമർശനമാണുയർന്നത്. ജയരാജൻ സ്വയം മഹത്വവത്കരിക്കുന്നെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ ഇതിന്റെ ഭാഗമായി ജയരാജൻ ജീവിത രേഖയും നൃത്തശിൽപ്പവും തയ്യാറാക്കി. പാർട്ടിക്ക് അതീതനായി വളരാനുള്ള ഈ നീക്കം അനുവദിക്കാനാകില്ലെന്നാണ് സംസ്ഥാന കമ്മിറ്റി. കണ്ണൂർ ജില്ലയിലെ എല്ലാ ഘടകങ്ങളിലും ഇക്കാര്യം റിപ്പോർട്ടിംഗ് നടത്താനും തീരുമാനമായിരുന്നു. അതേസമയം, വളർത്തിയ പാർട്ടിക്ക് തന്നെ വിമർശിക്കാനും അധികാരമുണ്ട് എന്നായിരുന്നു ജയരാജന്റെ പ്രതികരണം. സംസ്ഥാന സമിതിയിൽനിന്ന് ഇറങ്ങിപ്പോയിട്ടില്ലെന്ന് പറഞ്ഞ ജയരാജൻ മറ്റു കാര്യങ്ങൾ ശരിയല്ലെന്ന് പറഞ്ഞില്ല. പാർട്ടിയുടെ വിമർശനം ഉൾക്കൊണ്ടു പ്രവർത്തിക്കുകയാണ് താനടക്കമുള്ള പാർട്ടി പ്രവർത്തകരുടെ ഉത്തരവാദിത്തമെന്ന് അദ്ദേഹം വാർത്താ ലേഖകരോട് പറഞ്ഞു.
വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ല. എന്നെ വളർത്തിയ പാർട്ടിക്ക് എന്നെ വിമർശിക്കാനും അധികാരമുണ്ട്. ആ വിമർശനത്തിൽ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത്.
വിമർശന വിധേയമായ സംഗീത ആർബം തന്നോട് ആലോചിച്ചിട്ടല്ല തയാറാക്കിയത്. പാർട്ടി തീരുമാനിച്ച കാര്യങ്ങളാണ് കണ്ണൂർ ജില്ലാഘടകത്തിൽ നടക്കുന്നത്. കണ്ണൂരിനു മാത്രമായി പ്രത്യേകതയൊന്നുമില്ലെന്നും ജയരാജൻ വ്യക്തമാക്കിയിരുന്നു.
വിമർശനവിധേയമായ ആൽബം കാണാം..