റിയാദ് - ഖത്തര്‍ എയര്‍വെയ്‌സിന്റെ സൗദി സര്‍വീസുകള്‍ക്ക് തുടക്കം. മൂന്നര വര്‍ഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം ദോഹയില്‍ നിന്ന് യാത്രക്കാരെയും വഹിച്ചുള്ള ആദ്യ ഖത്തര്‍ എയര്‍വെയ്‌സ് വിമാനം റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഖത്തര്‍ എയര്‍വെയ്‌സിന്റെ ജിദ്ദ, ദമാം സര്‍വീസുകള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ തുടക്കമാകും. ഗള്‍ഫ് അനുരഞ്ജനത്തില്‍ സന്തോഷവാനാണെന്നും സ്വന്തം കുടുംബാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കുമിടയിലാണ് എന്ന തോന്നലാണ് സൗദിയിലെത്തിയപ്പോള്‍ അനുഭവപ്പെടുന്നതെന്നും ആദ്യ വിമാനത്തിലെ യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. സൗദിയിലെത്തിയതില്‍ വിമാനത്തിലെ മറ്റു യാത്രക്കാരും ആഹ്ലാദവും സന്തോഷവും പ്രകടിപ്പിച്ചു.