തിരുവനന്തപുരം- അടുത്ത മാർച്ച് വരെ സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ് ചാർജ് 50 ശതമാനമാക്കി കുറക്കാനും ബാക്കി ഗഡുക്കളായി അടയ്ക്കാനും അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
2020 മാർച്ച് 31നുള്ളിൽ തിയറ്ററുകൾ തദ്ദേശസ്ഥാപനങ്ങളിൽ ഒടുക്കേണ്ട വസ്തുനികുതി മാസ ഗഡുക്കളായി അടയ്ക്കാം. തദ്ദേശസ്വയംഭരണം, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, ഫിലിംസ് ഡിവിഷൻ, ബിൽഡിങ് ഫിറ്റ്‌നസ്, ആരോഗ്യം, ഫയർഫോഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ ലൈസൻസുകളുടെ കാലാവധി മാർച്ച് 31 വരെ ദീർഘിപ്പിക്കാനും തീരുമാനിച്ചു.
സെക്കന്‍ഡ് ഷോ അനുവദിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിസന്ധിമൂലം അടഞ്ഞുകിടന്ന സമയത്തെ സാമ്ബത്തിക നഷ്‌ടങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി സംഘടന പ്രതിനിധികള്‍ ചര്‍ച്ചയ്‌ക്ക് ശേഷം പറഞ്ഞു.