Sorry, you need to enable JavaScript to visit this website.

സൗദിയിലും ഭൂചലനം, ആളപായമില്ല; ജനം പരിഭ്രാന്തരായി

റിയാദ്- ഇറാനിലുണ്ടായ ഭൂചലനത്തിന്റെ പ്രതിഫലനം സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും. സൗദിയുടെ കിഴക്കൻ അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. സൗദിയിൽ ഉനൈസ, ബുറൈദ, ഹഫർ ബാത്തിന്‍, ഹായിൽ, അൽജൗഫ്, സകാക്ക, വടക്കൻ അതിർത്തി പ്രവിശ്യ, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. രാത്രി ഒൻപതരക്കാണ് സംഭവം. പരിഭ്രാന്തരായ ആളുകൾ വീടുകളിൽനിന്ന് പുറത്തേക്ക് ഓടിയിറങ്ങുകയായിരുന്നു.സകാക്കയിൽ ഏവരെയും പരിഭ്രാന്തരാക്കുന്ന തരത്തിൽ ഭൂചലനം അനുഭവപ്പെട്ടതായി ബഖാല ജീവനക്കാരാനായ വണ്ടൂർ സ്വദേശി ശറഫുദ്ദീൻ കാരത്തിൽ പറഞ്ഞു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ഡിഫൻസ് അധികൃതർ അറിയിച്ചു. 


ഗൾഫ് മേഖലയിൽ കുവൈത്തിലാണ് ഭൂചലനത്തിന്റെ പ്രതിഫലനം ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത്. ഗൾഫ് മേഖലയിൽ ആളപായം റിപോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഇറാനിൽ ഏഴ് പേർക്ക് ജീവൻ നഷ്ടമായി എന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ദുബായ്, അബുദാബി, എന്നിവടങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.2 എന്ന നിലയിൽ ശക്തമായ ഭൂചലനമാണ് ഇറാനിലുണ്ടായത്. ഇറാഖില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. 

iraq-earthquake.jpg  
യു.എ.ഇയിലെ നിരവധി സ്ഥലത്തുള്ളവർക്ക് ഭൂചലനം അനുഭവപ്പെട്ടതായി വിവരമുണ്ട്. രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടുവെന്നും ഉടൻ കെട്ടിടത്തിൽനിന്ന് താഴേക്ക് ഓടിയിറങ്ങിയതായും ഇദ്ദേഹം പറഞ്ഞു. അബൂദാബിയിലെ നിരവധി സ്ഥലങ്ങളിൽ ഇതേപോലെ കുലുക്കം അനുഭവപ്പെട്ടതായി ആളുകൾ പറയുന്നു. 


ഇറാഖ്, ഇറാൻ അതിർത്തികളിലാണ് ഭൂചലനമുണ്ടായത്. വടക്കുപടിഞ്ഞാറൻ നഗരമായ ബഗ്ദാദ്, ബസറ, കിർകുക് തുടങ്ങിയ പട്ടണങ്ങളിലെല്ലാം ബാധിച്ചു. 
രാത്രി രണ്ടു തവണ ശക്തമായ ഭൂമികുലുക്കം അനുഭവപെട്ടു. കുവൈത്തിൽ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ പരിഭ്രാന്തരായ ആളുകൾ പുറത്തിറങ്ങുകയായിരുന്നു. സാൽമിയ, ജർമ്മൻ ക്ലിനിക്, അബ്ബാസിയ, ഹാവല്ലി, മംഗഫ് എന്നിവിടങ്ങളിലൊക്കെ ഭൂചലനം അനുഭവപെട്ടതായാണ് റിപ്പോർട്ട്.
ഭൂചലനം നന്നായി അനുഭവപ്പെട്ടതായി ഈരാറ്റുപേട്ട സ്വദേശി ഷാഹിദ് പറഞ്ഞു.അവസാന ഭൂചലനം രാത്രി 9.23 നായിരുന്നു.ഏതാനും സെക്കന്റുകൾ മാത്രമായിരുന്നു ഇത്. കുവൈറ്റിലും നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല.

Latest News