കൊൽക്കത്ത- ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ (128) അവസരോചിത സെഞ്ചുറിയുമായി ശ്രീലങ്കക്കെതിരായ ദ്വിദിന സന്നാഹ മത്സരത്തിൽ ബോർഡ് പ്രസിഡന്റ്‌സ് ഇലവൻ കരുത്ത് കാട്ടി. ഇരു ടീമുകളും ബാറ്റിംഗ് മികവ് പ്രകടിപ്പിച്ച് മത്സരം സമനിലയിൽ അവസാനിച്ചു.
ഒമ്പത് വിക്കറ്റിന് 411 റൺസെടുത്ത സന്ദർശകർ ഡിക്ലയർ ചെയ്തതോടെ ബാറ്റിംഗ് ആരംഭിച്ച പ്രസിഡന്റ്‌സ് ഇലവന്റെ തുടക്കം തകർച്ചയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ രണ്ടിന് 32 ആയിരുന്ന ടീമിനെ കരകയറ്റിയത് സഞ്ജുവാണ്. 75 ഓവറിൽ പ്രസിഡന്റ്‌സ് ഇലവൻ അഞ്ചിന് 287 അടിച്ചതോടെ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്റ്റന്മാരും തീരുമാനിക്കുകയായിരുന്നു.
143 പന്ത് നേരിട്ട സഞ്ജു 19 ബൗണ്ടറികളും ഒരു സിക്‌സറുമായാണ് 128 റൺസെടുത്തത്. മറ്റൊരു മലയാളി താരം രോഹൻ പ്രേം (39), ജീവൻ ജൂത് സിംഗ് (35), ബി. സന്ദീപ് (33) എന്നിവർ സഞ്ജുവിന് മികച്ച പിന്തുണ നൽകി.
നേരത്തെ ക്യാപ്റ്റനായി നിശ്ചയിച്ചിരുന്ന നമൻ ഓഝക്ക് പരിക്കു മൂലം കളിക്കാനാവാതെ വന്നതോടെയാണ് മത്സരത്തിനു തൊട്ടുമുമ്പ് സഞ്ജുവിനെ ബോർഡ് പ്രസിഡന്റ്‌സ് ഇലവൻ നായകനാക്കുന്നത്.
ബൗളിംഗ് അനുകൂല പിച്ചിൽ മീഡിയം പെയ്‌സർ ലഹിലു ഗമാഗെ രണ്ട് വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് കീപ്പർ നിരോഷം ഡിക്ക്‌വെല്ല അടക്കം ശ്രീലങ്കൻ ടീമിലെ പത്ത് പേരാണ് ബൗൾ ചെയ്തത്. പരിക്ക് ഭേദമായി വരുന്ന ഓൾറൗണ്ടർ ആഞ്ജലോ മാത്യൂസ് മാത്രമേ ബൗൾ ചെയ്യാതിരുന്നുള്ളൂ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലും മാത്യൂസിന് ബൗൾ ചെയ്യാനാവില്ലെന്ന് ടീമിന്റെ ബൗളിംഗ് കോച്ച് രുമേഷ് രത്‌നായകെ പറഞ്ഞു. മൂന്ന് ടെസ്റ്റുകളിൽ ആദ്യത്തേത് ഈഡൻ ഗാർഡൻസിൽ വ്യാഴാഴ്ചയാണ് തുടങ്ങുക.