Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഡ്രൈവിംഗ് ലൈസൻസ് ഇനി എളുപ്പമാകില്ല, നിർബന്ധിത പരിശീലനം വരുന്നു

റിയാദ് - സൗദിയിൽ അടുത്തമാസം മുതൽ ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവരെല്ലാം നിർബന്ധിത പരിശീലന കോഴ്‌സിന് വിധേയമാകേണ്ടിവരുമെന്ന് സൗദി ട്രാഫിക് ജനറൽ അതോറിറ്റി മേധാവി കേണൽ മുഹമ്മദ് അബ്ദുല്ല അൽബസ്സാമി അറിയിച്ചു. അപേക്ഷിക്കുന്നവർക്ക് ടെസ്റ്റിൽ പാസാകുന്ന പക്ഷം ഉടൻ തന്നെ ലൈസൻസ് ഇഷ്യൂ ചെയ്യുന്ന സമ്പ്രദായം നിർത്തലാക്കിയതായും അദ്ദേഹം പറഞ്ഞു. പുതുതായി ലൈസൻസിന് അപേക്ഷിക്കുന്നവരിൽ ഡ്രൈവിംഗ് വശമുള്ളവർ 30 മണിക്കൂർ ദൈർഘ്യമുള്ള ട്രെയിനിംഗ് കോഴ്‌സിൽ പങ്കെടുത്താൽ മതിയാകും. സ്വകാര്യ ഡ്രൈവിംഗ് ലൈസൻസ് നേടി രണ്ട് വർഷം പൂർത്തിയായതിന് ശേഷം ഹെവി ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർക്കും 30 മണിക്കൂർ പരിശീലനം മതിയാകും.

ഡ്രൈവിംഗിൽ മികച്ച നിലവാരം പുലർത്താത്ത അപേക്ഷകർ 90 മണിക്കൂർ നീണ്ട കോഴ്‌സിൽ പങ്കെടുക്കണം. ലൈറ്റ് വെഹിക്കിള്‍ ലൈസൻസ് നേടി രണ്ട് വർഷം തികയാതെ പബ്ലിക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നവർ 90 മണിക്കൂർ പരിശീലനം നേടേണ്ടതുണ്ട്. വാഹനം ഓടിക്കുന്നതിൽ പ്രാവീണ്യമില്ലാത്തവർ പബ്ലിക് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നുവെങ്കിൽ അവർക്ക് 120 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിൽ പങ്കെടുക്കണമെന്നും കേണൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. ഓരോ ദിവസവും മൂന്ന് മണിക്കൂറാണ് കോഴ്‌സ് നടത്തുക.

അതേസമയം, രാജ്യത്തെ വിവിധ മേഖലകളിലുള്ള ഡ്രൈവിംഗ് സ്‌കൂളുകളിൽ പരിശീലനങ്ങൾക്ക് ഈടാക്കുന്ന ഫീസ് ഉയർത്താൻ സാധ്യതയുണ്ടെന്ന് അൽവത്വൻ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് ഡ്രൈവിംഗ് സ്‌കൂൾ അധികൃതർ സൗദി ട്രാഫിക് അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചു. പുതിയ നിയമം ഡിസംബർ മൂന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും ട്രാഫിക് അതോറിറ്റി മേധാവി വ്യക്തമാക്കി.

എന്നാൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നവർക്ക് നിർബന്ധിത പരിശീലനം ബാധകമല്ല.ഡ്രൈവിംഗിൽ നേരത്തെ പരിശീലനം ലഭിച്ച വനിതകൾക്ക് ആറു മണിക്കൂറും അല്ലാത്തവർക്ക് 90 മണിക്കൂറും പരിശീലനം നൽകും. അഥവാ ദിവസത്തിൽ മൂന്ന് മണിക്കൂർ പരിശീലനം നൽകും. മണിക്കൂറിനു 60 മുതൽ 70 റിയാൽ വരെ ഫീസ് ഈടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News