മലപ്പുറം- സി.പി.എമ്മിന്റെ വർഗീയ ധ്രുവീകരണ നീക്കത്തിനെതിരെ മുസ്്‌ലിം ലീഗ് മതേതരത്വ സംരക്ഷണ കാമ്പയിൻ നടത്തും. ഇന്നലെ മലപ്പുറത്ത് ചേർന്ന ജില്ലാ മുസ്്‌ലിം ലീഗ് നേതൃതല യോഗത്തിലാണ് തീരുമാനം. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മതേതര സംരക്ഷണ ജാഥയും വീടുകളിലുടെയുള്ള ബോധവൽക്കരണവുമാണ് കാമ്പയിനിൽ നടക്കുക. താൽക്കാലികമായ രാഷ്ട്രീയ നേട്ടത്തിനായി സി.പി.എം വർഗീയത വളർത്തുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഈ നിലപാട് നാടിന്റെ നാശത്തിന് കാരണമാകും. മതേതര മനസ്സുള്ള എല്ലാവരെയും ഈ കാമ്പയിനിൽ അണിനിരത്തും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ജനപ്രതിനിധി സംഗമങ്ങളും ജില്ലാടിസ്ഥാനത്തിൽ നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ തല നേതാക്കളുടെ നേതൃസംഗമങ്ങളും സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. രാജ്യവ്യാപകമായി നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ലയിൽ നൂറ് കേന്ദ്രങ്ങളിൽ ഇന്ന് ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനറൽ സിക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, ഉദ്ഘാടനം ചെയ്തു. ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, സംസ്ഥാന ഭാരവാഹികളായ കുട്ടി അഹമദ് കുട്ടി, അബ്ദുറഹ്മാൻ രണ്ടത്താണി, സി.പി. ബാവ ഹാജി, എം.എൽ.എമാരായ പി. അബ്ദുൽ ഹമീദ്, പി. ഉബൈദുല്ല, സി. മമ്മുട്ടി, ടി.വി. ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ അഡ്വ. യു.എ. ലത്തീഫ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, കെ. മുഹമ്മദുണ്ണി ഹാജി, അഷ്‌റഫ് കോക്കൂർ, എം.എ. ഖാദർ , എം. അബ്ദുല്ലക്കുട്ടി, സി. മുഹമ്മദലി, പി.എ. റഷീദ്, ഉമ്മർ അറക്കൽ, സലീം കുരുവമ്പലം, ഇസ്മായിൽ മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാൻ, കെ.എം. ഗഫൂർ, നൗഷാദ് മണിശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.