കോട്ടയം- പാലാ സീറ്റിൽ ജോസ് വിഭാഗം അവകാശവാദം ഉന്നയിക്കുന്നതിൽ യുക്തിയില്ലന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ മാസ്റ്റർ. തോറ്റ പാർട്ടിയ്ക്ക് സീറ്റ് വിട്ടു നൽകണമെന്നത് വിചിത്രമായ വാദമാണ്. പാലാ ഉൾപ്പടെ നാലു സീറ്റിലും എൻ.സി.പി മത്സരിക്കും. സിറ്റിംഗ് സീറ്റ് വിട്ടുനൽകുന്ന കീഴ്‌വഴക്കം എൽ.ഡി.എഫിൽ ഇല്ല. തോറ്റ പാർട്ടിക്ക് സീറ്റ് വേണമെന്നത് വിചിത്രമായ വാദമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മത്സരിച്ച സീറ്റ് വിട്ടു നൽകേണ്ട എന്നാണ് കേന്ദ്ര പാർട്ടിയുടെ നിലപാട്. എൻ.സി.പിയിൽ വിമതനീക്കം ഇല്ല. കോൺഗ്രസ് എസ്സുമായി ഒരു വിഭാഗം ചർച്ച നടത്തി എന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലാ സീറ്റുമായി ബന്ധപ്പെട്ട് തർക്കം നിലവിലുണ്ട്. സീറ്റ് വിട്ട് നൽകണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് ഇടത് മുന്നണിയും സി.പി.എമ്മും അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ല. വർഷങ്ങളായി എൻ.സി.പി പരിശ്രമിച്ചിട്ട് നേടിയെടുത്ത സീറ്റാണ് പാലാ. ഇത് വിട്ടു കൊടുക്കാൻ തയാറല്ല.
എൻ.സി.പി വിജയിച്ച സീറ്റ് മറ്റേതെങ്കിലും പാർട്ടിയ്ക്ക് നൽകുന്നത് യുക്തിയുണ്ടെന്ന് കരുതുന്നില്ല. അതാത് പാർട്ടികൾ വിജയിച്ച സീറ്റുകളിൽ മത്സരിക്കുന്നതാണ് ഇടത് മുന്നണി നയം. ഇത് വരെയും ഒരു സീറ്റ് പോലും വിട്ട് നൽകാൻ ഇടത് മുന്നണി ആവശ്യപ്പെട്ടിട്ടില്ല. മത്സരിക്കുന്ന സീറ്റുകളിൽ തന്നെ എൻ.സി.പി മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാലാ സീറ്റ് ഏത് പാർട്ടിയുടെ ആത്മാവാണെങ്കിലും വിജയിച്ച സീറ്റുകളിൽ അതത് പാർട്ടികൾ തന്നെ മത്സരിക്കണമെന്നതാണ് ഇടത് മുന്നണിയിൽ നയം. നാല് സീറ്റ് മാത്രം കൈവശമുള്ള എൻ.സി.പി ഒരു സീറ്റ് വിട്ട് നൽകണം എന്ന വാദം വിചിത്രമാണ്. ഒരു സീറ്റ് പോലും എൻ.സി.പി വിട്ടു നൽകില്ല. മറ്റു പാർട്ടികൾ ആനുപാതികമായി സീറ്റ് വിട്ട് നൽകിയാൽ ഇതേപ്പറ്റി ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.