നിലമ്പൂർ : റീഹാറ്റ് നിലമ്പൂർ (ReHAT NILAMBUR) പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 13 വീടുകൾ ഗുണഭോക്താക്കൾക്ക് സമർപ്പിച്ചു. പോത്തുകല്ല് ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.വി അബ്ദുൽ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി എം.അബ്ദുൽ മജീദ് പദ്ധതി വിശദീകരിച്ചു.
സർക്കാർ സഹായത്തോടെ നിർമിക്കുന്ന 25 വീടുകൾക്ക് പീപ്പിൾസ് ഫൗണ്ടേഷൻ നൽകുന്ന അധിക ധനസഹായ പ്രഖ്യാപനം ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ നിർവ്വഹിച്ചു. പ്രളയകാലത്ത് കേരള സമൂഹം കാണിച്ച പരസ്പര സഹവർത്തിത്തവും സാഹോദര്യവും എല്ലാ കാലത്തും കത്ത് സൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റീഹാറ്റ് പദ്ധതിക്ക് മുന്നോട്ട് വന്ന ഇംപെക്‌സ് ഗ്രൂപ്പിനെയും സുമനസ്സുകളെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം സമയബന്ധിതമായി പൂർത്തിയാക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിജ്ഞാബാധമാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംപെക്‌സ് ഡയറക്ടർ & ജനറൽ മാനേജർ പി. ഉമ്മർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
നിലമ്പൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ 2019 ലെ കാലവർഷക്കെടുതിയിലുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും വീടും സ്ഥലവും ഉൾപ്പടെയുള്ള മുഴുവൻ സമ്പാദ്യവും നഷ്ടപ്പെട്ട പ്രളയ ബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പദ്ധതിയാണ് റീഹാറ്റ് നിലമ്പൂർ (Rehabilitation and Habitat Arrangement Task). പ്രമുഖ ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിർമ്മാതാക്കളായ ഇംപെക്‌സിന്റെ പങ്കാളിത്തത്തോട് കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൺ വെൽഫയർ ട്രസ്റ്റ് സഹ പങ്കാളികളാണ്.
മൂന്നു ഘട്ടമായി നടപ്പാക്കുന്ന പദ്ധതികളിലായി പ്രളയത്തിൽ വീട് നഷ്ടപ്പെട്ട 76 കുടുംബങ്ങൾക്കാണ് വീടുകൾ നിർമിക്കുന്നത്. പ്രളയത്തിൽ നഷ്ടം സംഭവിച്ച നിലമ്പൂർ താലൂക്കിലെ 259 ചെറുകിട കച്ചവടക്കാർക്ക് സംരംഭങ്ങൾ പുനരുദ്ധരിക്കുന്നതിന് 94 ലക്ഷം രൂപയുടെ സഹായ വിതരണം ഒന്നാം ഘട്ടത്തിൽ വിതരണം ചെയ്തിരുന്നു. അടിസ്ഥാന സൗകര്യ വികസനം, സ്വയം തൊഴിൽ പദ്ധതി, പരിസ്ഥിതി സംരക്ഷണം, വാണിജ്യകേന്ദ്രങ്ങൾ സ്ഥാപിക്കൽ, പൊതുസ്ഥലങ്ങൾ വികസിപ്പിക്കൽ തുടങ്ങിയവയും റീഹാറ്റ് നിലമ്പൂരിന്റെ ഭാഗമായി നടപ്പിലാക്കും.
ഉദ്ഘാടന ചടങ്ങിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, വാർഡ് മെമ്പർമാരായ ദിലീപ് ഭൂദാനം, സലൂബ് ജലീൽ, റുബീന, അബ്ദുൽ നാസർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോ-ഓർഡിനേറ്റർ അബൂബക്കർ കരുളായി സ്വാഗതവും, ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് സമാപനവും നിർവ്വഹിച്ചു. പ്രോഗ്രാം കൺവീനർ വി.സി ഇബ്രാഹിം നന്ദി പറഞ്ഞു.