റിയാദ് - ഒരു വർഷത്തിനിടെ സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ രണ്ടു ശതമാനം വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം 899.7 ബില്യൺ റിയാലായി ഉയർന്നു. 2019 മൂന്നാം പാദത്തിൽ ഇത് 882.5 ബില്യൺ റിയാലായിരുന്നു. ഒരു വർഷത്തിനിടെ വിദേശ നിക്ഷേപത്തിൽ 1,730 കോടി റിയാലിന്റെ വർധനവാണുണ്ടായത്.
ഒരു വർഷത്തിനിടെ സൗദിയിൽ എത്തിയ ആകെ വിദേശ നിക്ഷേപങ്ങൾ 7.2 ശതമാനം തോതിൽ വർധിച്ച് 1.883 ട്രില്യൺ റിയാലിലെത്തി. 2019 മൂന്നാം പാദത്തിൽ രാജ്യത്തെ ആകെ വിദേശ നിക്ഷേപം 1.756 ട്രില്യൺ റിയാലായിരുന്നു. ഒരു വർഷത്തിനിടെ ആകെ വിദേശ നിക്ഷേപത്തിൽ 12,680 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി.
നേരിട്ടുള്ള വിദേശ നിക്ഷേപം, പോർട്ട്‌ഫോളിയോ നിക്ഷേപം, മറ്റു നിക്ഷേപങ്ങൾ എന്നിങ്ങനെ വിദേശ നിക്ഷേപങ്ങൾ മൂന്നിനമാണുള്ളത്. ലോകത്ത് കൊറോണ വ്യാപനത്തിനിടെയും സൗദി സമ്പദ്‌വ്യവസ്ഥയിലുള്ള നിക്ഷേപകരുടെ വിശ്വാസമാണ് വിദേശ നിക്ഷേപങ്ങളിലുള്ള വളർച്ച വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സൗദിയിലെ ആകെ വിദേശ നിക്ഷേപത്തിൽ 47.8 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളും 28.6 ശതമാനം പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളും 23.6 ശതമാനം മറ്റു നിക്ഷേപങ്ങളുമാണ്.
ഒരു വർഷത്തിനിടെ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ 15.7 ശതമാനം തോതിൽ വർധിച്ചു. ഒരു കൊല്ലത്തിനിടെ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളിൽ 7,310 കോടി റിയാലിന്റെ വർധനവാണുണ്ടായത്. കഴിഞ്ഞ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം പോർട്ട്‌ഫോളിയോകളിലെ വിദേശ നിക്ഷേപം 539.2 ബില്യൺ റിയാലാണ്. 2019 മൂന്നാം പാദത്തിൽ ഇത് 466.1 ബില്യൺ റിയാലായിരുന്നു. പോർട്ട്‌ഫോളിയോ നിക്ഷേപങ്ങളിൽ 192.1 ബില്യൺ റിയാൽ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഓഹരികളും ഉടമസ്ഥാവകാശങ്ങളുമാണ്. 347.1 ബില്യൺ റിയാലിന്റെ ബോണ്ടുകളും ഈ ഗണത്തിൽ പെടുന്നു.
ഒരു വർഷത്തിനിടെ മറ്റു നിക്ഷേപങ്ങൾ 8.9 ശതമാനം തോതിൽ വർധിച്ചു. ഈ ഗണത്തിൽ പെട്ട വിദേശ നിക്ഷേപങ്ങൡ 3,640 കോടി റിയാലിന്റെ വർധനവാണുണ്ടായത്. മറ്റു നിക്ഷേപങ്ങൾ 407.3 ബില്യൺ റിയാലിൽ നിന്ന് 443.7 ബില്യൺ റിയാലായി ഒരു വർഷത്തിനിടെ ഉയർന്നു. മറ്റു നിക്ഷേപങ്ങളിൽ 248.6 ബില്യൺ റിയാൽ വായ്പകളും 141.7 ബില്യൺ റിയാൽ കറൻസികളും ഡെപ്പോസിറ്റുകളും 53.4 ബില്യൺ റിയാൽ മറ്റു പേയബിൾ അക്കൗണ്ടുകളുമാണ്.
രാജ്യത്തെത്തിയ വിദേശ നിക്ഷേപങ്ങളിൽ ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് 2019 ൽ ആയിരുന്നു. ആ വർഷം വിദേശ നിക്ഷേപങ്ങളിൽ 19.5 ശതമാനം വളർച്ചയുണ്ടായി. 2019 ൽ വിദേശ നിക്ഷേപങ്ങളിൽ 296.7 ബില്യൺ റിയാലിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. 2019 ൽ വിദേശ നിക്ഷേപങ്ങൾ 1.82 ട്രില്യൺ റിയാലായി ഉയർന്നു. 2018 ൽ ഇത് 1.523 ട്രില്യൺ റിയാലായിരുന്നു. 2014 ൽ 4.9 ശതമാനം തോതിലും 2015 ൽ 9.9 ശതമാനം തോതിലും 2016 ൽ 12.1 ശതമാനം തോതിലും 2017 ൽ ആറു ശതമാനം തോതിലും 2018 ൽ 11.9 ശതമാനം തോതിലും വിദേശ നിക്ഷേപം വർധിച്ചു.
രാജ്യത്തെ ആകെ വിദേശ നിക്ഷേപം 2019 ആദ്യ പാദത്തിൽ 1.61 ട്രില്യൺ റിയാലും രണ്ടാം പാദത്തിൽ 1.71 ട്രില്യൺ റിയാലും മൂന്നാം പാദത്തിൽ 1.76 ട്രില്യൺ റിയാലും നാലാം പാദത്തിൽ 1.86 ട്രില്യൺ റിയാലും 2020 ആദ്യ പാദത്തിൽ 1.89 ട്രില്യൺ റിയാലും രണ്ടാം പാദത്തിൽ 1.89 ട്രില്യൺ റിയാലും മൂന്നാം പാദത്തിൽ 1.88 ട്രില്യൺ റിയാലും ആയിരുന്നു.