Sorry, you need to enable JavaScript to visit this website.

കൊച്ചിയുടെ 'കുരുക്കഴിഞ്ഞു', ലാഭം 15 കോടി രൂപ; ടോള്‍ നല്‍കാതെ പറപറക്കാം ഈ പാലങ്ങളിലൂടെ

കൊച്ചി- നഗരത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്കുകള്‍ അഴിക്കുന്ന വൈറ്റില, കുണ്ടന്നൂര്‍ പാലങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയതോടെ കൊച്ചിയുടെ കുരുക്കഴിഞ്ഞു. കൊച്ചിയിലൂടെ കടന്നു പോകുന്നവരുടെ തീരാതലവേദനയായിരുന്ന ദേശീയ പാതയിലെ വൈറ്റില, കുണ്ടന്നൂര്‍ ജങ്ഷനുകളില്‍ ഇനി സമാധാനമായി യാത്ര ചെയ്യാം. കാത്തിരിപ്പുകള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ ശനിയാഴ്ച രാവിലെയാണ് രണ്ടു മേല്‍പ്പാലങ്ങളും ഗതാഗത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നു നല്‍കിയത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ മികവു കൂടിയാണ് ഈ പാല നിര്‍മാണം. ദേശീയ പാതയാണെങ്കിലും രണ്ടു പാലങ്ങളും നിര്‍മിച്ചത് സംസ്ഥാന സര്‍ക്കാരാണ്. ഇവിടെ ടോള്‍ നല്‍കേണ്ടതില്ല എന്നത് പൊതുജനങ്ങള്‍ വലിയ ആശ്വാസമാകും. കേന്ദ്ര ഏജന്‍സിയാണ് പാലം നിര്‍മിച്ചിരുന്നതെങ്കില്‍ യാത്രക്കാര്‍ ടോള്‍ നല്‍കേണ്ടി വരുമായിരുന്നു. ഇതൊഴിവാക്കാനാണ് സംസ്ഥാനത്തിന്റെ ഫണ്ട് മാത്രം ഉപയോഗിച്ച് പാലങ്ങള്‍ നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 740, 720 മീറ്റര്‍ നീളത്തില്‍ ആറു വരിയിലാണ് രണ്ടു പാലങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. 

വൈറ്റില പാലം നിര്‍മാണത്തിന് കണക്കാക്കിയ തുകയില്‍ 6.73 കോടി ലാഭത്തോടെയാണ് പണി പൂര്‍ത്തിയാക്കിയത്. 2017ല്‍ പാലം പണിക്ക് സര്‍ക്കാര്‍  85.90 കോടിയാണ് അനുവദിച്ചത്. എന്നാല്‍ 78.36 കോടി രൂപയ്ക്കാണ് കരാര്‍ ലഭിച്ച സ്വകാര്യ കമ്പനി പണി പൂര്‍ത്തിയാക്കിയത്. മൂന്നു വര്‍ഷമെടുത്തു പണി പൂര്‍ത്തിയാകാന്‍. 

കുണ്ടന്നൂര്‍ പാലം നിര്‍മാണത്തില്‍ ലാഭിച്ചത് 8.29 കോടി രൂപയാണ്. 82.74 കോടി രൂപയാണ് ഈ പാലത്തിനായി അനുവദിച്ചത്. 74.52 കോടി രൂപയ്ക്ക് മറ്റൊരു സ്വകാര്യ കമ്പനി പണി പൂര്‍ത്തിയാക്കി.
 

Latest News