അബഹ - അസീർ പ്രവിശ്യയിൽ പെട്ട അഹദ് തർബാനിലെ വാദി അഅ്ശാറിൽ ശക്തമായ ഒഴുക്കിൽ പെട്ട ബാലനെ സൗദി യുവാവ് സാഹസികമായി രക്ഷപ്പെടുത്തി. പതിനഞ്ചു മുതൽ ഇരുപത്തിയഞ്ചു വരെ വയസ്സ് പ്രായമുള്ള ഒരു സംഘമാളുകൾ താഴ്‌വരയുടെ കരയിൽ നിന്ന് മലവെള്ളപ്പാച്ചിൽ വീക്ഷിക്കുന്നതിനിടെ കരയിടിഞ്ഞ് എല്ലാവരും വെള്ളത്തിൽ പതിക്കുകയായിരുന്നു. പതിനാറുകാരനായ ബാലൻ ഒഴികെ എല്ലാവർക്കും വെള്ളത്തിൽ നിന്ന് കരക്കു കയറാൻ സാധിച്ചു.
ബാലൻ ശക്തമായ ഒഴുക്കിൽ പെട്ടു. ഇതു കണ്ട് സ്ഥലത്തുണ്ടായിരുന്ന സൗദി യുവാവ് ആമിർ ബിൻ മൂസ അൽശഹ്‌രി മുൻപിൻ ആലോചിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി ബാലനെ സാഹസികമായി രക്ഷിക്കുകയായിരുന്നു. ബാലനെ രക്ഷിക്കാൻ യുവാവ് വെള്ളത്തിൽ ഇറങ്ങുന്നതിനെ സ്ഥലത്തുണ്ടായിരുന്ന എല്ലാവരും ശക്തമായി എതിർക്കുകയും കായികമായി തടയുകയും ചെയ്തു. ഇതൊന്നും ഗൗനിക്കാതെയും എല്ലാവരെയും തട്ടിമാറ്റിയുമാണ് യുവാവ് രക്ഷാപ്രവർത്തനത്തിറങ്ങിയത്. ബാലനെ രക്ഷിച്ച് കരക്കു കയറിയ ആമിർ അൽശഹ്‌രി ആദ്യം ചെയ്തത് ദൈവത്തെ സ്തുതിച്ച് സാഷ്ടാംഗ പ്രണാമം നടത്തുകയായിരുന്നു.
വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ബാലനെ പിന്നീട് ആശുപത്രിയിലേക്ക് നീക്കി. ആശുപത്രിയിൽ വെച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ബാലൻ പൂർണ ആരോഗ്യവാനാണെന്ന് ആമിർ അൽശഹ്‌രി പറഞ്ഞു. ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട ബാലൻ ഒഴുകിപ്പോകുന്നതിന്റെയും ബാലനെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടാൻ ശ്രമിച്ച ആമിർ അൽശഹ്‌രിയെ മറ്റുള്ളവർ തടയാൻ ശ്രമിക്കുന്നതിന്റെയും ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മക്ക പ്രവിശ്യയിൽ പെട്ട അദമിലെ അൽജഫ്‌റ വാദിയിൽ ഒഴുക്കിൽ പെട്ട കാറിലെ യാത്രക്കാരെ സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. നഗരസഭക്കു കീഴിലെ ഷെവൽ ഉപയോഗിച്ചാണ് കാർ യാത്രികരായ സൗദി കുടുംബത്തെ സിവിൽ ഡിഫൻസ് അധികൃതർ രക്ഷപ്പെടുത്തിയത്. താഴ്‌വര മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ സൗദി കുടുംബത്തിന്റെ കാർ മലവെള്ളപ്പാച്ചിലിൽ പെടുകയായിരുന്നു. സിവിൽ ഡിഫൻസ് അധികൃതർ കുതിച്ചെത്തിയതും നഗരസഭക്കു കീഴിലെ ഷെവൽ വേഗത്തിൽ ലഭ്യമാക്കാൻ സാധിച്ചതും രക്ഷാപ്രവർത്തനത്തിന് ഏറെ സഹായകമായി. അദമിലും പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച ശക്തമായ മഴ പെയ്തിരുന്നു.