Sorry, you need to enable JavaScript to visit this website.

ശബരി പാത: ചൂളം വിളിക്ക് കാതോര്‍ത്ത് ഇടുക്കി

തൊടുപുഴ- പ്രഖ്യാപനത്തിന് കാല്‍ നൂറ്റാണ്ട് പ്രായമായപ്പോള്‍ ശബരി റെയില്‍പാതക്ക് ജീവന്‍ വെച്ചതോടെ പ്രതീക്ഷയുടെ പാളത്തില്‍ ഇടുക്കി ജില്ല. ഇടുക്കിയെ റെയില്‍ ഭൂപടത്തില്‍ എത്തിക്കുന്ന പാത എട്ട് കിലോമീറ്ററാണ് ജില്ലയിലൂടെ കടന്നു പോകുന്നത്.
തൊടുപുഴ, മണക്കാട്, കരിങ്കുന്നം വില്ലേജുകളിലൂടെയാണ് ഇടുക്കിയിലെ പാതയുടെ ഗതി. മണക്കാട് -തൊടുപുഴ റോഡും കോലാനി- വെങ്ങല്ലൂര്‍ ബൈപാസും സന്ധിക്കുന്നിടത്ത് റെയില്‍പാത ഫ്‌ളൈ ഓവറിലൂടെ കടന്നുപോകും. ഇവിടെനിന്ന് കോലാനി, നടുക്കണ്ടം, നെല്ലാപ്പാറ വഴി കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും. നടുക്കണ്ടത്തും നെല്ലാപ്പാറയിലും റെയില്‍പ്പാത ടണലിലൂടെയാണ്. നെല്ലാപ്പാറയില്‍ ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ് ടണല്‍. കുറിഞ്ഞിക്ക് സമീപമാണ് ടണല്‍ അവസാനിക്കുന്നത്.
25 റെയില്‍വേ സ്റ്റേഷനുകളാണ് പാതയില്‍ ആകെ വിഭാവനം ചെയ്യുന്നത്. 111 കിലോമീറ്ററില്‍ അങ്കമാലി മുതല്‍ കാലടി വരെ എട്ടു കിലോമീറ്ററാണ് നിര്‍മാണം നടന്നത്. കാലടിയില്‍ സ്റ്റേഷനും നിര്‍മിച്ചു. പെരുമ്പാവൂര്‍, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാലാ, ഈരാറ്റുപേട്ട, പൊന്‍കുന്നം, എരുമേലി എന്നിവിടങ്ങളിലാണ് മറ്റ് സ്റ്റേഷനുകള്‍. ശബരിമല, ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രം, രാമപുരം ചര്‍ച്ച്, എരുമേലി വാവരുപള്ളി എന്നിങ്ങനെ സംസ്ഥാനത്തെ പ്രധാന തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ടാണിത്.
രണ്ടാം ഘട്ടത്തില്‍ എരുമേലിയില്‍ നിന്ന് പുനലൂര്‍ക്ക് പാതയെ ബന്ധിപ്പിക്കാം. പാലാ അന്തീനാടുനിന്ന് 15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഏറ്റുമാനൂര്‍ക്ക് ശബരിപാത ബന്ധിപ്പിച്ചാല്‍ തിരുവനന്തപുരം പാതയിലേക്കും വഴിതുറക്കും.

 

 

Latest News