മലപ്പുറം- സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന യുക്തിവാദി-ഇസ്ലാം സംവാദം നാളെ മലപ്പുറം നൂറാടിയിലെ റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍. രാവിലെ ഒമ്പതിന് നടക്കുന്ന സംവാദം കേരള യുക്തിവാദി സംഘമാണ് ഒരുക്കിയിരിക്കുന്നത്. സംവാദത്തിന് വലിയ പ്രചാരണമാണ് ഇരുവിഭാഗവും നല്‍കിയിരിക്കുന്നത്.
മുഹമ്മദ് നബി (സ) ഉള്‍പ്പെടുന്ന കാലഘട്ടത്തിലെ നാടോടികളായ അറബികള്‍ക്ക് അറിയാവുന്ന കാര്യങ്ങളല്ലാതെ പിന്നീട് സയന്‍സ് കണ്ടെത്തിയ എന്തെങ്കിലും അറിവ് ഖുര്‍ആനില്‍ ഉണ്ടെന്ന് തെളിയിച്ചാല്‍ ഇസ്ലാമിനെതിരെ ഉന്നിയക്കുന്ന എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് മുസ്ലിം ആകുമെന്നാണ് യുക്തിവാദിയായ ഇ.എ. ജബ്ബാറിന്റെ പ്രഖ്യാപനം.
സംവാദം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്ന് ഇരുവിഭാഗവും അറിയിച്ചിട്ടുണ്ട്.
നംംറൂദും ഫിര്‍ഔനും പരാജയപ്പെട്ടിടത്ത് മറ്റൊരു അഹങ്കാരിയേയും മുസ്ലിംകള്‍ ഭയക്കുന്നില്ലെന്നാണ് ഇസ്‌ലാം- നാസ്തികത എന്നു പേരിട്ടിരിക്കുന്ന സംവാദത്തെ കുറിച്ച് മുജാഹിദ് നേതാവും നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടറുമായ എം.എം അക്ബര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതിനിടെ, പോലീസ് അനുമതി കിട്ടിയില്ലെന്ന് വ്യക്തമാക്കി യുക്തിവാദികള്‍ സംവാദത്തില്‍നിന്ന് പിന്മാറുകയാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുക്തിവാദി സംഘം ഒരുക്കിയ പരിപാടിയില്‍ യുക്തിവാദിയെ തന്നെ മോഡറേറ്ററാക്കിയതിനെ ചോദ്യം ചെയ്യുന്നുമുണ്ട്.
ഇസ്ലാമിനേയും പ്രവാചകന്‍ മുഹമ്മദ് (സ)യേയും ഖുര്‍ആനേയും നിരന്തരം വിമര്‍ശിക്കുകയും ജനങ്ങള്‍ക്കിടയില്‍ ഇസ്ലാം ഭീതിയും വെറുപ്പും പ്രസരിപ്പിക്കുകയും ചെയ്യുന്ന നാസ്തിക കുതന്ത്രങ്ങളെ പരാജയപ്പെടുത്തുകയും ഖുര്‍ആനിന്റെ അജയ്യത ലോകര്‍ക്ക് മുന്നില്‍ തെളിയിക്കുകയുമാണ് ലക്ഷ്യമെന്ന് എം.എം.അകബര്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഇരുവിഭാഗത്തിന്റേയും ഫേസ് ബുക്ക് പേജുകളില്‍ വലിയ തോതിലാണ് പരിഹാസവും വെല്ലുവിളികളും നിറഞ്ഞിരിക്കുന്നത്.