കോട്ടയം - കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ രാജ്യസഭാംഗത്വ രാജി സംബന്ധിച്ച ചർച്ച സജീവമാണെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. കേരള കോൺഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തിന് മുന്നോടിയായി എംപി സ്ഥാനം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പാർട്ടിയുടെ ചിഹ്നവും പേരും സംബന്ധിച്ച കേസ് ഹൈക്കോടതിയിലും കോടതികളിലും നിയമനടപടി തുടരുന്ന സാഹചര്യത്തിലാണ് രാജി നീളുന്നതെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. കേന്ദ്രതെരഞ്ഞെടുപ്പു കമ്മീഷൻ പാർട്ടിയുടെ ചിഹ്നമായ രണ്ടിലയും പാർട്ടിയുടെ പേരും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചെങ്കിലും പി.ജെ ജോസഫ് വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. വസ്തുതകളും തെളിവുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാന എടുത്ത തീരുമാനം പുനരവലോകനം ചെയ്യാനാകില്ലെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി. എന്നാൽ ഇതിലുളള നിയമനടപടി ഇനിയും നീണ്ടുപോകാനിടിയുളളതിനാൽ അൽപ്പം കൂടി കാത്തിരിക്കാനാണ് ജോസ് പക്ഷം ശ്രമിക്കുന്നത്. കേന്ദ ഇലക്ഷൻ കമ്മീഷന്റെ ഭൂരിപക്ഷ വിധിയിലെ പ്രധാനപ്പെട്ട ഒന്ന് രണ്ട് എംപിമാരുണ്ടെന്നതായിരുന്നു. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവയ്ക്കുന്നതോടെ ഈ ഘടനയിൽ മാറ്റം വരും. അതിനാൽ തൽക്കാലം നടപടിവേണ്ട എന്നാണ് പാർട്ടിക്കു ലഭിച്ചിരിക്കുന്ന നിയമോപദേശം എന്നറിയുന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാജി നൽകും.
ജോസ് കെ മാണി എംപി പദം രാജിവച്ചാലും വീണ്ടും സീറ്റ് കേരള കോൺഗ്രസിന് നൽകണമോ എന്നു തീരുമാനിക്കുന്നത് ഇടതുമുന്നണിയാണ്. ഇടതുമുന്നണിയിൽ സിപിഐ അടക്കമുളള കക്ഷികൾക്ക്് സീറ്റിൽ നോട്ടമുണ്ട്. എന്നാൽ എംപി വീരേന്ദ്രകുമാർ മരിച്ച ശേഷം ലോക് താന്ത്രിക് ജനതാദളിനു തന്നെയാണ് സീറ്റ് നൽകിയത്. ഉപതെരഞ്ഞെടുപ്പിൽ എം.വി ശ്രേയാംസ്‌കുമാർ വിജയിച്ച് രാജ്യസഭയിലെത്തുകയും ചെയ്തു. അതേ തീരുമാനമാണ് കേരള കോൺഗ്രസും പ്രതീക്ഷിക്കുന്നത്.
ജോസ് കെ മാണി രാജ്യസഭാംഗത്വം ഒഴിഞ്ഞാൽ പകരം ഉയർന്നു വന്ന പേരുകൾ മാധ്യമ പ്രവർത്തകൻ ജോർജ് കള്ളിവയൽ, കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവരുടേതായിരുന്നു. പാർട്ടി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എൻ.എം രാജുവിന്റെ പേരും സമീപകാലത്ത്് പ്രചരിക്കുന്നുണ്ട്. ജോസ് കെ മാണിയുടെ വിശ്വസ്തൻ എന്ന നിലയിലാണ് ഇത്. എന്നാൽ റാന്നി സീറ്റ് ലഭിച്ചാൽ രാജു അവിടെ മത്സരിച്ചേക്കും. എന്നാൽ പാർട്ടി വൃത്തങ്ങൾ ഈ പേരുകളെല്ലാം തള്ളിക്കളയുകയാണ്.കേരള കോൺഗ്രസ് രാജ്യസഭാ സീറ്റ് പാർട്ടിയുമായി ഏറ്റവും ചേർന്നു നിൽക്കുന്ന നേതാക്കൾക്കാണ് സാധാരണ നൽകാറ്. ജോയ് ഏബ്രഹാമാണ് ജോസ് കെ മാണിക്കു മുമ്പ് പാർട്ടിയുടെ പ്രതിനിധിയായി രാജ്യസഭയിലെത്തിയത്. കെഎം മാണിയുടെ വിശ്വസ്ത വലയത്തിലായിരുന്നു ജോയ് ഏബ്രഹാം. കെ.എം മാണിയുടെ നിര്യാണ ശേഷം ജോയ് ഏബ്രഹാം ജോസഫ് പക്ഷത്തേക്കു കൂറുമാറി.