Sorry, you need to enable JavaScript to visit this website.

വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും; കുടുക്കാനാവില്ലെന്ന് കെ.എം. ഷാജി

കണ്ണൂര്‍ - തനിക്കെതിരായ നീക്കത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ. സ്‌കൂള്‍ കോഴ പരാതിയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ചോദ്യം ചെയ്യലിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴ വിവാദത്തില്‍ ഏത് ഏജന്‍സി അന്വേഷിച്ചാലും തന്നെ കുടുക്കാനാവില്ല. കാരണം താന്‍ കോഴ വാങ്ങിയിട്ടില്ലെന്ന് ഉത്തമബോധ്യമുണ്ട്. ഇത് അറിയുന്ന ഏക വ്യക്തിയും താനാണ്. 25 ലക്ഷത്തിന്റെയല്ല, 25000 ന്റെ അഴിമതി പോലും താന്‍ നടത്തിയിട്ടില്ല. ഇതാണ് എന്റെ ആത്മവിശ്വാസം. എത്ര ആരോപണങ്ങള്‍ ഉയര്‍ത്തിയാലും നീതിന്യായ വ്യവസ്ഥയില്‍ അത് തെളിയില്ലെന്ന് ഉറപ്പുണ്ട്- ഷാജി പറഞ്ഞു.
കോഴ വാങ്ങിയത് സംബസിച്ച് ഇതുവരെ ഒരു വ്യക്തതയുമില്ല. ആരാണ് കൊടുത്തത് എന്നതു പോലും തെളിഞ്ഞിട്ടില്ല. 2014ലാണ് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിച്ചത്. അന്നൊന്നും ആരോപണങ്ങളോ പരാതികളോ ഉണ്ടായില്ല. 2016ല്‍ വീണ്ടും അഴീക്കോട് മണ്ഡലത്തില്‍ വിജയിച്ചതോടെയാണ് തനിക്കെതിരെ വീണ്ടും നീക്കം തുടങ്ങിയത്. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്. ആദ്യം ആരോപണം ഉന്നയിച്ചയാള്‍ക്ക് ഇവരുമായി ബന്ധമുണ്ട്- ഷാജി പറഞ്ഞു.
      ആരോപണങ്ങള്‍ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന ആശങ്കയില്ല. രാഷ്ട്രീയം കൊണ്ടുമാത്രം ജീവിക്കുന്ന ഒരാളല്ല താന്‍. രാഷ്ട്രീയഭാവി നിശ്ചയിക്കേണ്ടത് താനല്ല, ജനങ്ങളാണ്. വീണ്ടും മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കും.  പാര്‍ട്ടിയില്‍നിന്ന് വേണ്ടത്ര പിന്‍തുണയുണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. താന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാണ്. താന്‍ കൂടി ഉള്‍പ്പെടുന്നതാണ് പാര്‍ട്ടി നേതൃത്വമെന്നും ഷാജി പറഞ്ഞു.
കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ഷാജിയെ ചോദ്യം ചെയ്തത്. ഷാജിക്കെതിരെയുള്ള അന്വേഷണത്തിന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
വിജിലന്‍സ് നോട്ടീസ് ലഭിച്ച് ഓഫീസിലെത്തിയ കെ.എം ഷാജിയെ വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ മണിക്കൂറുകള്‍ നീണ്ടു.
അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ ഷാജി കോഴ വാങ്ങിയെന്ന കേസിലാണ് അന്വേഷണം. സി.പി.എം പ്രാദേശിക നേതാവ് കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയാണ് വിജിലന്‍സിന് കൈമാറിയത്. മുസ്ലിം ലീഗ് പ്രാദേശിക നേതാവാണ് ആദ്യം ഈ പരാതി ഉന്നയിച്ചത്.
      അനധികൃത സ്വത്തുസമ്പാദനത്തിലും, കോഴ വാങ്ങിയെന്ന പരാതിയിലും ഷാജി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറകട്‌റേറ്റ് അന്വേഷണത്തേയും നേരിടുകയാണ്.എന്‍ഫോഴ്‌സ്‌മെന്റ് സംഘം കഴിഞ്ഞ ദിവസം അഴീക്കോട് സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു.
കെ.എം. ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് പറഞ്ഞു. പല കാര്യങ്ങളിലും വ്യക്തത വരുത്താനുണ്ട്.  മുസ്‌ലിം ലീഗ് സംസ്ഥാന-ജില്ലാ നേതാക്കളില്‍ നിന്നും മൊഴിയെടുക്കും. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജിയുടെ വരുമാനം സംബന്ധിച്ച വിവരങ്ങളും തേടുന്നുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു.

 

Latest News