മലപ്പുറം- യു.ഡി.എഫിനെ തകർക്കാൻ വേണ്ടിയാണ് പരമാവധി വിവാദങ്ങളുണ്ടാക്കാൻ ഇടതുപക്ഷവും സംസ്ഥാന സർക്കാരും ശ്രമിക്കുന്നതെന്ന് മുസ്്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം മലപ്പുറത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ ഒരു വിശ്വാസ്യതയുമില്ല. കമ്മീഷന്റെ അടിസ്ഥാനം എന്ന് പറയുന്നത് കുറെ കത്തും പിന്നെ കുറച്ച് കുത്തും കോമയും മൊബൈൽ ഫോൺ കാൾ ഡീറ്റൈയിൽസുമാണ്. ഏതാണ് കത്ത് എന്നു പോലും വ്യക്തമാക്കാൻ കമ്മീഷന് കഴിഞ്ഞിട്ടില്ല. കുറെ അടിസ്ഥാനമില്ലാത്ത കത്തുകൾ പുറത്തുവിട്ട് ഉമ്മൻ ചാണ്ടിയെ പോലെയുള്ള നേതാക്കളെ അക്രമിക്കുന്നത് ശരിയല്ല. കേരളത്തിലെ ജനങ്ങൾ അത് മനസിലാക്കും. അഴിമതിയുണ്ടെന്ന് പറയുന്നുണ്ടെങ്കിൽ കമ്മീഷൻ അതിന്റെ വഴിക്ക് പോയിട്ടേയില്ല. കുറെ കത്തുകളെടുത്ത് പുസ്തകമാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇങ്ങിനെയുള്ള കമ്മീഷൻ റിപ്പോർട്ട് എടുത്ത് അക്രമിക്കുന്നത് ശരിയല്ല. യു.ഡി.എഫിനെ ശക്തിപ്പെടുത്തി മുന്നോട്ടുപോകും. യു.ഡി.എഫിന്റെ കെട്ടുറപ്പിനെ സോളാർ കമ്മീഷൻ റിപ്പോർട്ട് ഒരിക്കലും ബാധിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കമ്മീഷനായി ആരെവെക്കുന്നു എന്നതിൽ വലിയ കാര്യമില്ല. കമ്മീഷന്റെ കണ്ടെത്തൽ അടിസ്ഥാനരഹിതമാണ് എന്നതാണ് പ്രധാനം. ഒരു വിശ്വാസ്യതയുമില്ലാത്തതാണ് കമ്മീഷന്റെ കണ്ടെത്തൽ. ഒരു കത്തെടുത്ത് ഇത്രയധികം നേതാക്കളെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്തത്. കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിച്ചത്. നിരവധി കത്തുകളുണ്ട് എന്ന കാര്യം പോലും കമ്മീഷൻ പറഞ്ഞില്ല. ജഡ്ജിമാർ നിക്ഷ്പക്ഷമായി പ്രവർത്തിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അതുണ്ടായില്ല. സോളാറിലെ മൊഴിയും കത്തുമെല്ലാം പരസ്പരവിരുദ്ധമാണ്.
വരാനിരിക്കുന്ന കാലത്തും യു.ഡി.എഫും എൽ.ഡി.എഫും തമ്മിലായിരിക്കും മത്സരം. ബി.ജെ.പിയെ മുന്നിലിരുത്തി യു.ഡി.എഫിനെ പ്രതിരോധിക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി ഇടതുപക്ഷം രംഗത്തെത്തിയത്. ഇന്ത്യയിൽ ഫാസിസത്തെ പ്രതിരോധിക്കുന്നത് കോൺഗ്രസാണ്. ഇടതുപക്ഷമല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.