അബഹ - എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിന് ബാങ്കിൽനിന്ന് പണം നീക്കം ചെയ്യുന്ന വാഹനത്തിൽനിന്ന് പത്തു ലക്ഷം റിയാൽ മോഷ്ടിച്ച അഞ്ചംഗ സംഘത്തെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തതായി അസീർ പോലീസ് വക്താവ് ലെഫ്. കേണൽ സൈദ് അൽദബാശ് അറിയിച്ചു. സ്വകാര്യ സെക്യൂരിറ്റി കമ്പനി ജീവനക്കാരായ അഞ്ചു സ്വദേശികളാണ് പിടിയിലായത്. എ.ടി.എമ്മിൽ പണം നിറക്കുന്നതിനിടെ സംഘത്തിൽ പെട്ട, സെക്യൂരിറ്റി കമ്പനിയിലെ മുൻ ജീവനക്കാരൻ കൂടിയായ നാൽപതുകാരൻ പണം തട്ടിയെടുത്ത് രക്ഷപ്പെടുന്ന നിലക്ക് സംഘം കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു.
ഇതു പ്രകാരം സംഘത്തിൽ പെട്ട മറ്റുള്ളവർ എ.ടി.എമ്മിൽ പണം നിറക്കുന്നതിനിടെ സംഘാംഗമായ യുവാവ് പത്തു ലക്ഷം റിയാലുമായി രക്ഷപ്പെട്ടു. ഖമീസ് മുഷൈത്തിലെ എ.ടി.എമ്മിൽ പണം നിറക്കുന്നതിനിടെ പത്തു ലക്ഷം റിയാൽ മോഷണം പോയതായി ഖമീസ് മുഷൈത്ത് ജനൂബിയ പോലീസ് സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ട് 4.50 ന് വിവരം ലഭിച്ചു. ഊർജിതമായ അന്വേഷണത്തിലൂടെ കവർച്ചക്ക് പിന്നിൽ പ്രവർത്തിച്ചവരെ സുരക്ഷാ വകുപ്പുകൾ വൈകാതെ തിരിച്ചറിഞ്ഞു. ജിദ്ദ പോലീസുമായി സഹകരിച്ച് മുഖ്യ പ്രതിയെ ജിദ്ദയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച പണം മുഴുവൻ പ്രതിയുടെ പക്കൽ കണ്ടെത്തി. പ്രതികൾക്കെതിരായ കേസ് നിയമ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈാമാറുന്നതിനു മുന്നോടിയായി നിയമാനുസൃത നടപടികൾ പോലീസ് പൂർത്തിയാക്കി വരികയാണെന്ന് ലെഫ്. കേണൽ സൈദ് അൽദബാശ് പറഞ്ഞു.