തിരുവനന്തപുരം- മന്ത്രി തോമസ് ചാണ്ടി വിഷയത്തിൽ നിർണായക ഇടതുമുന്നണി യോഗം ചേരാനിരിക്കെ, തിരുവനന്തപുരത്ത് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവരാണ് കൂടിക്കാഴ്ച്ച നടത്തുന്നത്. എ.കെ.ജി സെന്ററിലാണ് കൂടിക്കാഴ്ച്ച. ഇടതുമുന്നണി യോഗം ഉടൻ ചേരാനിരിക്കെയാണ് നേതാക്കൾ തിരക്കിട്ട ചർച്ചയിൽ ഏർപ്പെട്ടത്. അതേസമയം, തോമസ് ചാണ്ടി രാജിവെക്കേണ്ട സഹചര്യമില്ലെന്നും കോടതി വിധി വരട്ടെ എന്നുമുള്ള നിലപാടിലാണ് എൻ.സി.പി.
സി.പി.എം രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റർ ഇന്നലെ കൊച്ചിയിൽ പറഞ്ഞിരുന്നു. ഇതേനിലപാടിലാണ് എൻ.സി.പി. ഇന്നത്തെ യോഗത്തിൽ തോമസ് ചാണ്ടിയും പങ്കെടുക്കുന്നുണ്ട്. തോമസ് ചാണ്ടിയുടെ രാജിക്കാര്യം ചർച്ച ചെയ്യാനല്ല എൽ.ഡി.എഫ് ചേരുന്നതെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന ജാഥ, സോളാർ കമ്മീഷൻ റിപോർട്ട് എന്നിവയാണ് ചർച്ച ചെയ്യുക. തോമസ് ചാണ്ടി രാജിവെയക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടിട്ടില്ല. സി.പി.ഐയും അത്തരത്തിൽ പറഞ്ഞതായി അറിയില്ല.തങ്ങളോടും അത്തരത്തിൽ ആവശ്യപ്പെട്ടിട്ടില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു. തോമസ് ചാണ്ടിയുടെ രാജി എൻ.സി.പി ചർച്ച ചെയ്തിട്ടില്ല. അത്തരം സാഹചര്യമില്ലാത്തതിനാൽ ചർച്ചയുടെ ആവശ്യമില്ല.പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴാണല്ലോ ചർച്ച വേണ്ടത്. ഇപ്പോൾ പുതിയ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.