കോഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ ഒരുക്കമാരംഭിച്ച മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുടെ മണ്ഡലം മാറ്റാനും ആലോചിക്കുന്നു. ടെലിവിഷന്‍ ചര്‍ച്ചകളിലൂടെ സുപരിചതനായ പി.കെ ഫിറോസിന് കോഴിക്കോട് സൗത്തില്‍ നറുക്ക് വീഴുമെന്നാണ് സൂചന. പണ്ടേക്ക് പണ്ടേ ലീഗിന്റെ ഉറച്ച കോട്ടയായ കൊടുവള്ളിയിലേക്ക് മുന്‍ മന്ത്രി ഡോ: എം.കെ മുനീറിനെ മാറ്റാനാണ് ആലോചന. കഴിഞ്ഞ തവണ കാരാട്ട് റസാഖും റഹീം ലീഗായി മാറിയ പി.ടി.എ റഹീമും ജയിക്കുന്നത് വരെ അടിയന്തരാവസ്ഥയ്ക്ക് ശേഷം ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം ജയിച്ച സീറ്റാണ് കോഴിക്കോട്ടെ കൊടുവള്ളി. 1960കളില്‍ മണ്ഡലം രൂപീകരിച്ചത് മുതല്‍ കോണ്‍ഗ്രസിലെ എം. ഗോപാലന്‍ കുട്ടി നായര്‍ രണ്ടു തവണ ജയിച്ചു. 1977ലെ തെരഞ്ഞെടുപ്പില്‍ ലീഗിലെ അതികായനും മുന്‍ കേന്ദ്ര മന്ത്രിയുമായ ഇ. അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ഇ. അഹമ്മദിനൊപ്പം വളര്‍ന്ന നേതാവാണ് പി.ടി.എ റഹീം. മുന്‍ മന്ത്രി പി.എം അബൂബക്കര്‍, പി.വി മുഹമ്മദ്, സി. മോയിന്‍ കുട്ടി തുടങ്ങിയ പ്രമുഖ ലീഗ് നേതാക്കളായിരുന്നു ഇവിടത്തെ എം.എല്‍.എമാര്‍. മലപ്പുറത്തെ സീറ്റുകളേക്കാള്‍ ലീഗ് സംസ്ഥാന നേതാക്കള്‍ സുരക്ഷിതമായി കണ്ടിരുന്നത് കോഴിക്കോട്ടെ കൊടുവള്ളിയാണ്. പ്രാദേശിക തലത്തിലെ പടല പിണക്കങ്ങളാണ് കഴിഞ്ഞ തവണ റസാഖിന്റെ വിജയത്തിന് വഴിയൊരുക്കിയത്. മുനീറിനെ പോലൊരു സെലിബ്രിറ്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ കോട്ട തിരിച്ചു പിടിക്കല്‍ എളുപ്പമാവുമെന്നാണ് കണക്കുകൂട്ടല്‍. അടുത്ത കാലത്ത് ഇടതു സര്‍ക്കാരിന് തലവേദനയായി മാറിയ പല വിഷയങ്ങളും പുറത്തെടുത്തിട്ട ഫിറോസിനുള്ള അംഗീകാരം കൂടിയാവും കോഴിക്കോട് രണ്ടാം മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം. മുനീറിന് സംസ്ഥാനം മുഴുവന്‍ പ്രചാരണത്തിനിറങ്ങേണ്ടത് കൊണ്ട് സൗത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനാവില്ലെന്നതാണ് അദ്ദേഹത്തെ സുരക്ഷിത സീറ്റിലേക്ക് മാറ്റുന്നതിന് ലീഗ് പറയുന്ന കാരണം. ഇടതും വലതും മാറി മാറി ജയിക്കാറുള്ള കോഴിക്കോട് സൗത്തില്‍ നന്നായി വയിര്‍പ്പൊഴുക്കിയാല്‍ ജയിക്കാനാവുമെന്നതാണ് സ്ഥിതി.